ജയറാമിന്റെ നായികയായി ആശ ശരത്ത്

Wednesday 23 July 2025 3:58 AM IST

22 വർഷങ്ങൾക്കുശേഷം ജയറാമും മകൻ കാളിദാസ് ജയറാമും ഒരുമിക്കുന്ന ആശകൾ ആയിരം എന്ന ചിത്രത്തിൽ ആശ ശരത്ത് . ജയറാമിന്റെ നായികയായാണ് ആശ ശരത്ത് എത്തുന്നത്. പെരുമ്പാവൂർകാരായ ജയറാമും ആശ ശരത്തും ഇതാദ്യമായാണ് മലയാളത്തിൽ ഒരുമിക്കുന്നത്. അനുഷ്ക ഷെട്ടി നായികയായ ഭാഗമതി എന്ന തെലുങ്ക് ചിത്രത്തിൽ ഇരുവരും ഒരുമിച്ചിട്ടുണ്ട്.അടുത്ത മാസം ചിത്രീകരണം ആരംഭിക്കും.

ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ ജി. പ്രജിത്ത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്.. മലയാള ചലച്ചിത്ര പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ജയറാമും മകൻ കാളിദാസ് ജയറാമും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന് അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേർന്നാണ് രചന.

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. അബ്രഹാം ഒാസ്‌ലറിനുശേഷം ജയറാം മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമായ ആശകൾ ആയിരം ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. ജൂഡ് ആന്തണി ജോസഫ് ആണ് ക്രിയേറ്റീവ് ഡയറക്ടർ. ഛായാഗ്രഹണം ഷാജി കുമാർ.