പ്രവിത്താനം-ഉള്ളനാട്-വലിയകാവുംപുറം റോഡ്‌ നവീകരിക്കണം കുട്ടികളുടെ ആവശ്യം,​ യേസ് പറഞ്ഞ് എം.എൽ.എ

Tuesday 22 July 2025 8:06 PM IST

പ്രവിത്താനം: ''പ്രിയപ്പെട്ട മാണി സി. കാപ്പൻസറേ, ഞങ്ങളുടെയീ റോഡ് എങ്ങനെയെങ്കിലുമൊന്ന് നന്നാക്കിത്തരണേ. ചെളിവെള്ളത്തിലും കുഴിയിലും ചവിട്ടി മടുത്തു...'' പ്രവിത്താനം സെന്റ് മൈക്കിൾസ് സ്‌കൂളിലെ നൂറോളം കുരുന്നുകളുടെ അപേക്ഷ ലഭിച്ചപ്പേഴേ മാണി സി.കാപ്പൻ മറുപടി നൽകി; ''മക്കളേ, തീർച്ചയായും റോഡ് നന്നാക്കും. ഇതെന്റെ ഉറപ്പാണ്!. സ്‌കൂളിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ എം.എൽ.എയ്ക്ക് മുമ്പിലായിരുന്നു കുട്ടികളുടെ പരിദേവനം. എം.എൽ.എയ്ക്ക് നിവേദനം കൊടുത്തോട്ടേയെന്ന് വിദ്യാർത്ഥികൾ ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ടിനോട് അനുവാദം ചോദിച്ചിരുന്നു.

കുട്ടികളാണെങ്കിലും പറഞ്ഞത് വലിയ കാര്യമാണ്. പ്രവിത്താനം ഉള്ളനാട് വലിയകാവുംപുറം റോഡ് പൊട്ടിത്തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഭരണങ്ങാനം തലപ്പലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിലൂടെ രണ്ട് ബസ് സർവീസുകളുമുണ്ട്. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവൺമെന്റ് ആശുപത്രി, മൃഗാശുപത്രി, ബാങ്കുകൾ,പോസ്റ്റ് ഓഫീസ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ റോഡിന്റെ വശങ്ങളിലായുണ്ട്. പ്രവിത്താനം സെന്റ് മൈക്കിൾസ് സ്‌കൂളിലേക്ക് മാത്രം നൂറിൽപരം കുട്ടികൾ ഇതുവഴിയാണെത്തുന്നത്. റോഡ് നന്നാക്കിയില്ലെങ്കിൽ തെരഞ്ഞെടുപ്പ് ഉൾപ്പെടെ ബഹിഷ്‌കരിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ.

ഞങ്ങൾക്ക് ഇരട്ടിസന്തോഷം

റോഡ് നന്നാക്കുമെന്ന് എം.എൽ.എ ഉറപ്പുനൽകിയിട്ടുണ്ട്. ആ വാക്കുകളിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. സെന്റ് മൈക്കിൾസ് സ്‌കൂളിലെ വിദ്യാർത്ഥികൾ