വി.എസിന്റെ ഓർമ്മയിൽ സ്മാരകമായി അഞ്ചുരുളിയിയിലുണ്ട് ഒരു സ്വപ്ന വഞ്ചി

Wednesday 23 July 2025 12:57 AM IST

കട്ടപ്പന: കാഞ്ചിയാർ അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് അന്നത്തെ കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഇടപെടൽ ഏറെ ശ്രദ്ധേയമായിരുന്നു . 2008 ലാണ് കക്കാട്ടുകടയിലെ വേദിയിൽ വച്ച് വി. എസ് അച്യുതാനന്ദൻ അഞ്ചുരുളിയുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ബോട്ട് ഇറക്കുവാൻ കലക്ടറേ ചുമതലപ്പെടുത്തിയത്. പഞ്ചായത്ത് പ്രസിഡന്റും നിലവിലെ കട്ടപ്പന സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ മാത്യു ജോർജ് അടങ്ങുന്ന ഭരണസമിതി അഞ്ചുരുളി സൗന്ദര്യം ഉത്സവം എന്ന ടൂറിസം ഫെസ്റ്റ് സംഘടിപ്പിച്ചു. അഞ്ചുരുളി ടണൽ ജങ്ഷനിലാണ് ഉദ്ഘാടന ചടങ്ങുകൾ നിശ്ചയിച്ചിരുന്നതെങ്കിലും അന്ന് റോഡ് നിർമാണം നടക്കുന്നതിനാൽ ഉദ്ഘാടനം കക്കാട്ടുകടയിലേക്ക് മാറ്റുകയായിരുന്നു. ഉദ്ഘാടന ശേഷം അഞ്ചുരുളിയിലേക്ക് പോകാൻ അച്യുതാനന്ദൻ ശ്രമിച്ചെങ്കിലും സുരക്ഷ ഉദ്യോഗസ്ഥർ സമ്മതിച്ചില്ല. അന്ന് ശക്തമായ മഴ ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥ ഉണ്ടായെങ്കിലും ഇതിനെയെല്ലാം അവഗണിച്ചാണ് അച്യുതാനന്ദൻ വേദിയിൽ എത്തിയത്.ഇവിടെ വച്ചാണ് അച്യുതാനന്ദൻ അഞ്ചുരുളിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. അന്നത്തെ ജില്ലാ കലക്ടറെ അഞ്ചുരുളിയിൽ ബോട്ട് ഇറക്കാൻ ചുമതലപ്പെടുത്തിയാണ് മടങ്ങിയതും. തൊട്ടടുത്ത ദിവസം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കാഞ്ചിയാർ പഞ്ചായത്ത് വാങ്ങി നൽകിയ ബോട്ട് അഞ്ചുരുളിയിലിറക്കി. അങ്ങനെ കാഞ്ചിയാറിന്റെ വിനോദസഞ്ചാര കേന്ദ്രം അഞ്ചുരുളിയുടെ വികസന പ്രവർത്തനത്തിന് തുടക്കം കുറിച്ച അച്യുതാനന്ദനെ ഓർത്തെടുക്കുകയാണ് ഒരു ജനസമൂഹം. അന്ന് അഞ്ചുരുളി ഫെസ്റ്റ് വിജയകരമായി പഞ്ചായത്ത് പൂർത്തിയാക്കി.എന്നാൽ ബോട്ട് ജലാശയത്തിൽ ഇറക്കിയതുമായി ബന്ധപ്പെട്ട് തടസവാദവുമായി വനം വകുപ്പ് എത്തിയതോടെ ബോട്ട് തിരികെ എത്തിക്കണ്ടേ സാഹചര്യമായി. വിവിധ തരത്തിലുള്ള ചർച്ചകളും വാദപ്രതിവാദങ്ങളും ഉണ്ടായെങ്കിലും ബോട്ട് സ്മാരകമായി ഇപ്പോഴും അഞ്ചുരുളിയിൽ ഉണ്ട്.

=ഇന്ന് അഞ്ചുരുളി ലോകം അറിയുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. അതിന് വഴിതെളിച്ചവരിൽ ആരും മറക്കാത്ത മുഖമാണ് വി. എസിന്റേത്. ഇനിയും പടവുകൾ ചവിട്ടി കയറുവാൻ കരുത്തുള്ള അഞ്ചുരുളിയുടെ ശ്വാസത്തിൽ എന്നും ജീവനായി വി എസ് ഉണ്ടാകും.