വിമാനം ലാന്‍ഡ് ചെയ്തു, പാര്‍ക്കിംഗിന് പിന്നാലെ ആളുകള്‍ ഇറങ്ങുന്നതിനിടെ തീ ഉയര്‍ന്നു

Tuesday 22 July 2025 9:12 PM IST

ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് തീ. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ആണ് സംഭവം. ഹോങ്കോംഗില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് തീപിടിച്ചത്. റണ്‍വേയിലെ ലാന്‍ഡിംഗ് നടത്തി യാത്രക്കാരെ പുറത്തേക്ക് ഇറക്കിയതിന് ശേഷം പാര്‍ക്കിംഗ് ചെയ്യുമ്പോഴാണ് തീപ്പിടിത്തമുണ്ടായത്. എന്നാല്‍ സംഭവത്തില്‍ യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കേറ്റിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

ഹോങ്കോംഗില്‍നിന്ന് ഡല്‍ഹിയിലേക്ക് വന്ന എഐ 315 വിമാനത്തിന്റെ ഓക്സീലിയറി പവര്‍ യൂണിറ്റി (എപിയു)ലാണ് തീപിടിച്ചത്. വിമാനം, ലാന്‍ഡ് ചെയ്ത് ഗേറ്റില്‍ പാര്‍ക്ക് ചെയ്തതിന് പിന്നാലെയായിരുന്നു സംഭവം. തീപ്പിടിത്തമുണ്ടായതോടെ എപിയു തനിയേ പ്രവര്‍ത്തനം നിര്‍ത്തി. വിമാനത്തിന് ചെറിയ കേടുപാടുകളുണ്ടായതായാണ് വിവരം. യാത്രക്കാര്‍ പുറത്തേക്കിറങ്ങുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞയാഴ്ച ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് പറക്കാനിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം നാല് മണിക്കൂര്‍ വൈകിയ ശേഷം റദ്ദാക്കിയിരുന്നു. യാത്രക്കാരെ വിമാനത്തിനുള്ളില്‍ പ്രവേശിപ്പിച്ചതിന് ശേഷം സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെയാണ് വിമാനം റദ്ദാക്കിയത്. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടര്‍ന്ന സമയമത്രയും യാത്രക്കാര്‍ എയര്‍ കണ്ടീഷന്‍ പോലും പ്രവര്‍ത്തിക്കാത്ത വിമാനത്തിനുള്ളില്‍ വിയര്‍ത്ത് കുളിക്കുകയായിരുന്നു.