റിമാൻഡ് പ്രതിക്ക് മർദ്ദനം ജയിൽ ഉദ്യോഗസ്ഥർക്ക് എതിരെ പൊലീസ് കേസ്
കൊച്ചി: റിമാൻഡ് പ്രതിയെ മർദ്ദിച്ചെന്ന പരാതിയിൽ എറണാകുളം സബ് ജയിലിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് പൊലീസ്. ചേരാനെല്ലൂർ പൊലീസിന്റെ കേസിൽ റിമാൻഡിലായ ഓട്ടോ ഡ്രൈവർ എറണാകുളം മാതിരപ്പള്ളി സ്വദേശിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞമാസം 17നായിരുന്നു പരാതിക്ക് ഇടയാക്കിയ സംഭവം. കണ്ടാൽ അറിയുന്ന മൂന്നു പേർക്കെതിരെയാണ് കേസ്. ഒരു ഉയർന്ന ഉദ്യോഗസ്ഥനും രണ്ട് വാർഡന്മാരും ചേർന്ന് വടികൊണ്ടും കൈകൊണ്ടുമെല്ലാം ക്രൂരമായി മർദ്ദിച്ചെന്നാണ് 45കാരന്റെ പരാതിയിൽ പറയുന്നത്.
ജൂൺ 17നാണ് 45കാരനെ ചേരാനെല്ലൂർ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സഹോദരന്റെ ഭാര്യയുടെ പരാതിയിലായിരുന്നു നടപടി. അന്നുതന്നെ കോടതി റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലേക്ക് മാറ്റി. ജയിലിലെ റിസപ്ഷനിൽ മുതിർന്ന ഒരു ഉദ്യോഗസ്ഥനും രണ്ട് വാർഡന്മാരും ചേർന്ന് ചോദ്യംചെയ്തു. പിന്നാലെ വലിയ വടികൊണ്ട് ദേഹമാകെ തല്ലിച്ചതച്ചു. മറ്റൊരു ഉദ്യോഗസ്ഥൻ മുതുകിൽ മുട്ടുകൈകൊണ്ട് ആഞ്ഞിടിച്ചു. കുടിക്കാനായി വെള്ളം ചോദിച്ചപ്പോൾ ഇരുകരണത്തും അടിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു.18ന് ജാമ്യത്തിൽ പുറത്തിറങ്ങും മുമ്പ്, മർദ്ദിച്ച വിവരം പുറത്തുപറഞ്ഞാൽ ജാമ്യം റദ്ദാക്കിച്ച് തിരികെ കൊണ്ടുവരുമെന്നും പുറംലോകം കാണാത്തവിധം ജയിലിലടയ്ക്കുമെന്നും ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
1. ദേഹത്ത് പാടുകൾ
ഒരുമാസം മുമ്പ് നടന്ന സംഭവമായതിനാൽ കരുതലോടെയാണ് പൊലീസ് നീങ്ങുന്നത്. ജയിലിലെ സി.സി. ടിവി ക്യാമറ പരിശോധിക്കും. ജയിൽ അധികൃതരിൽ നിന്നും വിവരം തേടും. പരാതിയിൽ കഴമ്പുണ്ടെങ്കിൽ തുടർനടപടികൾ ശക്തമാക്കുകയും അറസ്റ്റിലേക്ക് നീങ്ങുകയും ചെയ്യും. പരാതിയിൽ കഴമ്പില്ലെങ്കിൽ ഇക്കാര്യം റിപ്പോർട്ടായി കോടതിക്ക് കൈമാറും. ദേഹത്ത് മർദ്ദനമേറ്റതിന്റെ കരിവാളിച്ച പാടുകളും മറ്റുമുള്ള ഫോട്ടോകൾ 45കാരൻ തെളിവായി പൊലീസിന് കൈമാറിയതായാണ് വിവരം. അവിവാഹിതനായ ഇയാൾ പ്രായമായ മാതാവിനൊപ്പമാണ് കഴിയുന്നത്.
2. അമ്മയ്ക്ക് മുന്നിൽ സത്യം തെളിയിക്കാൻ
കുടുംബപ്രശ്‌നമാണ് കേസിന് പിന്നിലെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും 45കാരൻ കേരളകൗമുദിയോട് പറഞ്ഞു. മർദ്ദിച്ചവരെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ട്. പേടിച്ചിട്ടാണ് പൊലീസിനെ സമീപിക്കാൻ വൈകിയത്. ദേഹമാസകലം മർദ്ദനമേറ്റതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലടക്കം ചികിത്സയിലായിരുന്നു. ഒരുവിധത്തിലാണ് നടക്കുന്നത്. കേസിൽ അറസ്റ്റിലായതിനാൽ പുറത്തിറങ്ങാനും കഴിയുന്നില്ല. അമ്മയ്ക്ക് മുന്നിലെങ്കിലും സത്യം തെളിയിക്കണമെന്ന് തീരുമാനിച്ചാണ് പരാതി നൽകാൻ മുന്നിട്ടിറങ്ങിയതെന്നും 45കാരൻ പറയുന്നു.