നെഞ്ചുപൊട്ടി അവർ വിലപിച്ചു: വി.എസ് ഞങ്ങടെ കാണപ്പെട്ട ദൈവം
തിരുവനന്തപുരം: 'ഞങ്ങൾക്ക് മറക്കാൻ പറ്റില്ല സാറേ, കാണപ്പെട്ട ദൈവമായിരുന്നു. പാവങ്ങളുടെ പരാതി കേൾക്കാൻ ഇനി അദ്ദേഹമില്ല"......പാലക്കാട് ആലത്തൂരിലെ സുഭദ്രാമ്മയുടെ കണ്ണുകൾ നിറഞ്ഞു.'സഖാവ് മരിച്ചെന്ന് കേട്ടപ്പോൾ വീട്ടിലിരിക്കാൻ തോന്നിയില്ല. ഇന്നലെ രാത്രി തന്നെ ഭർത്താവിനൊപ്പം പുറപ്പെട്ടു. രാവിലെ എത്തി. വന്നില്ലെങ്കിൽ ഇനി കാണാൻ പറ്റില്ലല്ലോ."
ഇത്തരത്തിൽ നൂറുകണക്കിന് പേരാണ് വി.എസിനെ അവസാനമായി കാണാൻ സംസ്ഥാനത്തിന്റെ ദൂരെ ദിക്കുകളിൽ നിന്നുപോലും ദർബാർ ഹാളിലേക്ക് ഒഴുകിയെത്തിയത്. പാവങ്ങൾക്ക് പ്രതീക്ഷയുടെ തുരുത്തായിരുന്നു . അദ്ദേഹം ആശുപത്രിയിൽ ആയിരുന്നപ്പോഴും തങ്ങൾക്കൊരു രക്ഷാ കവചമുണ്ടെന്ന് അവർ വിശ്വസിച്ചിരുന്നു.
പലരും അലറിക്കരഞ്ഞു.ചിലർ സങ്കടം ഉള്ളിലൊതുക്കി 'കണ്ണേ കരളേ വി.എസേ ' എന്ന് നെഞ്ചുപൊട്ടുമാറ് മുദ്യാവാക്യം മുഴക്കി.
പ്രായത്തിന്റെ പരാധീനതകൾ വകവയ്ക്കാതെ,
ക്രച്ചസിലും മക്കളുടെ കൈപിടിച്ചും കാണാനെത്തിയവർ നിരവധിയാണ്.
നേരിട്ടുകണ്ടിട്ടില്ലെങ്കിലും ടി.വി.യിലും യൂട്യൂബ് വീഡിയോകളിലുമായി പ്രസംഗം കണ്ട് ആരാധകരായ നിരവധി കുട്ടികൾ അച്ഛനമ്മമാരോടൊപ്പം കാണാനെത്തിയിരുന്നു. ചേതനയറ്റ ശരീരത്തിന് മുന്നിൽ അവർ ദുഃഖാർത്ഥരായി.
'ഇതിനപ്പുറം പ്രതിസന്ധികളെ അതിജീവിച്ച മനുഷ്യനല്ലേ ,പൊരുതി തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ."- കണ്ണൂർ സ്വദേശി സുകുമാരൻ പറഞ്ഞു.രാത്രി ഉറങ്ങിയില്ല. മകൾക്കൊപ്പം തലസ്ഥാനത്ത് താമസിക്കുന്ന സുകുമാരൻ രാവിലെ എട്ടുമണിക്ക് ദർബാർ ഹാളിലെത്തി. ഭൗതികദേഹം വിലാപയാത്രയായി കൊണ്ടുപോകുന്നതുവരെ സെക്രട്ടറിയേറ്റിന് മുന്നിൽ തന്നെയുണ്ടായിരുന്നു.
പാവങ്ങളുടെ ചക്രവർത്തിയായിരുന്നു. അച്ഛനെപ്പോലെയായിരുന്നു. ഓർമ്മകൾ എന്നും ജ്വലിച്ചുനിൽക്കും- കണ്ണീർ തുടച്ചുകൊണ്ട് പാർട്ടിഅംഗം സുജാതയുടെ വാക്കുകൾ. മനുഷ്യൻ ഉള്ളിടത്തോളം വി.എസിന്റെ ഓർമ്മകൾ നിലനിൽക്കുമെന്നതാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ കണ്ണീരോടെ പറഞ്ഞുവയ്‌ക്കുന്നത് . ഇതാണ് വി.എസ് എന്ന രണ്ടക്ഷരം ബോദ്ധ്യപ്പെടുത്തുന്നതും.