കെ.എസ്.ടി.പി പാലങ്ങളിൽ കുഴിയടക്കൽ ആരംഭിച്ചു.
പഴയങ്ങാടി:പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിലെ പാപ്പിനിശ്ശേരി മേൽപ്പാലത്തിലും താവം മേൽപ്പാലത്തിലും മൈക്രോ കോൺക്രീറ്റിംഗിനുള്ള നടപടി ആരംഭിച്ചു. പാപ്പിനിശ്ശേരി ഓവർബ്രിഡ്ജിൽ ഇന്നലെ രാവിലെയും താവം ഓവർബ്രിഡ്ജിൽ ഉച്ചയോടെയും പ്രവൃത്തി ആരംഭിച്ചു. വലിയ കുഴികൾ രൂപപ്പെട്ട സ്ഥലത്ത് ടാറിംഗ് ഇളക്കി മാറ്റിയാണ് പ്രവൃത്തി നടത്തുന്നത്. പ്രവൃത്തിയുടെ ഭാഗമായി ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. കാലാവസ്ഥ അനുകൂലമായാൽ രണ്ടു ദിവസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. താൽക്കാലിക സംവിധാനം എന്ന നിലക്കാണ് കുഴികൾ അടക്കുന്നത് മഴക്കാലത്തിനുശേഷം റോഡ് പൂർണ്ണമായും റീ ടാറിംഗ് നടത്തും. പഴയങ്ങാടി താവം മേൽപ്പാലത്തിലും പാപ്പിനിശ്ശേരി മേൽപ്പാലത്തിലും കുഴികൾ രൂപപ്പെട്ടത് അപകടങ്ങൾ വർദ്ധിക്കാൻ കാരണമായിരുന്നു. നിരവധി പേർക്ക് കുഴിയിൽ വീണ് പരിക്കേറ്റിരുന്നു. ജനങ്ങളുടെ കടുത്ത പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് പ്രവൃത്തി ആരംഭിച്ചത്.