ഭക്ഷണത്തിൽ മിതത്വം, ചിട്ടയായ വ്യായാമം

Wednesday 23 July 2025 1:39 AM IST

തിരുവനന്തപുരം: മനസിന്റെ ഉറപ്പും ആഹാരത്തിലെ മിതത്വവും ചിട്ടയായ വ്യായാമവുമായിരുന്നു വി.എസിന്റെ ദീർഘായുസ്സിനു പിന്നിൽ. രോഗബാധിതനാവും വരെ വി.എസ് ഇതെല്ലാം തുടർന്നു. 40 വയസിനു ശേഷം ചായ,​ കാപ്പി,​ പാൽ തുടങ്ങിയവ ഉപേക്ഷിച്ചു. കമ്മ്യൂണിസ്റ്റുകളുടെ ആദ്യകാല 'ട്രേഡ്മാർക്കായ' ബീഡി വലി നന്നെ ഉണ്ടായിരുന്നു. ഒരു ഘട്ടത്തിൽ അതും നിറുത്തി.

പ്രായം കൂടുംതോറും ചിട്ടകൾ കടുപ്പിച്ചു. പ്രഭാത ഭക്ഷണം രണ്ട് ദോശയിലോ ഇഡ്ഡലിയിലോ ഒതുങ്ങും. ഉച്ചയ്ക്ക് അല്പം ചോറ്. വെജിറ്റേറിയൻ വിഭവങ്ങളാണ് മിക്കപ്പോഴും. ആലപ്പുഴയിലെത്തുമ്പോൾ ചോറിനൊപ്പം മീൻകറി, പ്രത്യേകിച്ച് കരിമീനോ മറ്റ് കായൽ മത്സ്യമോ. എങ്കിലും അത് നിർബന്ധമില്ല. രാത്രിഭക്ഷണം പഴവർഗ്ഗങ്ങൾ മാത്രം. നാലഞ്ച് ഈന്തപ്പഴവും രണ്ടോ മൂന്നോ കദളിപ്പഴമോ.

യോഗ, നടത്തം, വെയിൽകായൽ

82 വയസുവരെ വി.എസ് യോഗ മുടങ്ങാതെ ചെയ്യുമായിരുന്നു. പ്രഭാത നടത്തവും മുടക്കിയിരുന്നില്ല. മുഖ്യമന്ത്രിയായി ക്ളിഫ് ഹൗസിൽ കഴിയുമ്പോഴും പ്രതിപക്ഷ നേതാവായി കന്റോൺമെന്റ് ഹൗസിൽ താമസിക്കുമ്പോഴും നടത്തം മുടക്കിയിരുന്നില്ല. കനത്ത മഴയ്ക്കും വി.എസിന്റെ ചിട്ട തെറ്റിക്കാനായിട്ടില്ല. മഴക്കാലത്ത് നിയമസഭാ മന്ദിരത്തിന്റെ വരാന്തയിലേക്ക് നടത്തം മാറ്റും. രാവിലെ 15 മിനിട്ട് സമയം ഇളം വെയിൽ കൊള്ളും. ആരോഗ്യം തീർത്തും മോശമാവും വരെ വെയിൽകായൽ മുടക്കിയിരുന്നില്ല. എണ്ണയോ കുഴമ്പോ തേച്ചുള്ള കുളിയും പതിവായിരുന്നു.