'ചങ്കിലെ റോസാപൂവിന്' വിട നല്കാൻ വി.എസ് ഓട്ടോസ്റ്റാൻഡിലെ 17 ഡ്രൈവർമാർ ആലപ്പുഴയിൽ 

Tuesday 22 July 2025 9:48 PM IST

കാസർകോട്: ചങ്കിലെ റോസാപ്പൂവിനെ അവസാനമായി ഒരു നോക്ക് കാണാനും യാത്രാമൊഴി ചൊല്ലാനും നീലേശ്വരം വി.എസ് ഓട്ടോ സ്റ്റാൻഡിലെ 17 ഓട്ടോ ഡ്രൈവർമാർ ആലപ്പുഴയിൽ എത്തി. തിങ്കളാഴ്ച വൈകുന്നേരം പ്രത്യേകം വാഹനം ഏർപ്പാട് ചെയ്താണ് വി.എസ് എന്ന വിപ്ലവ സൂര്യനെ നെഞ്ചിലേറ്റിയവർ ആലപ്പുഴയിൽ എത്തിയത്.

വി.എസ് സ്റ്റാൻഡ് സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയ ഹരീഷ് കരുവാച്ചേരി, ബൈജു, സുനിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യാത്ര പുറപ്പെട്ടത്. എല്ലാ വിഭാഗീയതയെയും പ്രതിസന്ധികളെയും അതിജീവിച്ച് വി എസിന് വേണ്ടി ശബ്ദമുയർത്തി കൂടെനിന്നവർ പ്രീയനേതാവിന്റെ വിടവാങ്ങലിൽ സങ്കടത്തോടെയാണ് ഒരു നോക്ക് കാണാൻ എത്തിയത്. നീലേശ്വരത്തിന്റെ സിരകളിൽ വി.എസിന്റെ ശക്തമായ സ്വാധീനം ഉറപ്പിച്ചവർക്ക് വേർപാടിന്റെ കഥപറയാൻ വാക്കുകൾ കിട്ടുന്നില്ല. കണ്ഠമിടറിയാണ് വി എസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ വി.എസിനെ അനുസ്മരിച്ചത്. വി.എസിന്റെ ബോർഡ് സ്ഥാപിച്ചും ഇല്ലാ വിഎസ് മരിച്ചിട്ടില്ല എന്ന് ഉച്ചത്തിൽ വിളിച്ചും അവർ പ്രിയ നേതാവിനെ അനുസ്മരിക്കുകയായിരുന്നു ഇവർ.

രണ്ടു ദിവസമായി സ്റ്റാൻഡിലെ ഓട്ടോറിക്ഷകൾ ഓട്ടം നിർത്തിയിട്ടാണുള്ളത്.2006 ലും 2011 ലും സീറ്റ് നിഷേധിച്ച സമയത്ത് കേരളത്തിൽ അങ്ങോളമിങ്ങോളം ഉണ്ടായ പ്രതിഷേധ ജ്വാലയുടെ ഭാഗമായാണ് നീലേശ്വരത്തെ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയും ഓട്ടോറിക്ഷ സ്റ്റാൻഡിന് വി എസിന്റെ പേരിടുകയും ചെയ്തത്. അതിന് ശേഷം വി.എസിന്റെ നൂറാം പിറന്നാൾ ഓട്ടോസ്റ്റാൻഡിൽ ഗംഭീരമായി ഇവർ ആഘോഷിച്ചിരുന്നു.

ആദ്യം വി.എസ് മാവ്

ഫ്ളക്സ് ബോർഡും മറ്റും സ്ഥാപിച്ച മാവിലായിരുന്നു ആദ്യം ഇവരുടെ പ്രതിഷേധവും പ്രതികരണവും രേഖപ്പെടുത്തിയിരുന്നത്. ഇതിൽ വി.എസിന്റെ പൂർണകായ ഫ്ളക്സും സ്ഥാപിച്ചു.പിന്നീടാണ് സ്റ്റാൻഡിന് വി.എസിന്റെ പേര് നൽകിയത്. ഇന്നിപ്പോൾ ബസ് സ്റ്റാൻഡ് വികസനത്തിന്റെ ഭാഗമായി അന്നത്തെ ഓട്ടോസ്റ്റാൻഡും മാവും പോയെങ്കിലും വി.എസ് ഓട്ടോസ്റ്റാൻഡ് എന്ന കൂട്ടായ്മ ഇന്നും തുടരുന്നു. ബൈജുവും സുനിലും നിലപാടിലുറച്ചു വ്യക്തമാക്കി. വി എസിനോടുള്ള ആദരസൂചകമായി സ്റ്റാൻഡിലെ മുഴുവൻ ഓട്ടോറിക്ഷകൾക്കും വി.എസിന്റെ ചിത്രമടങ്ങിയ സ്റ്റിക്കർ പതിച്ചിരിക്കുകയാണ്.

സമരപോരാട്ടങ്ങളുടെ തീജ്വാലയായ നമ്മുടെ നായകൻ വിട്ടുപിരിഞ്ഞു എന്ന് പറയാൻ ഞങ്ങൾക്ക് പ്രയാസമുണ്ട്.എന്ത് തന്നെ സംഭവിച്ചാലും എത്ര വർഷങ്ങൾ കഴിഞ്ഞുപോയാലും അദ്ദേഹത്തിന്റെ അവിസ്മരണീയമായ ഓർമ്മകൾ നമ്മുടെ മനസ്സിൽ എന്നും ഉണ്ടാകും. ആ സ്‌മരണകൾ നമ്മുടെ മനസ്സിൽ ഉണ്ടാകുന്ന കാലത്തോളം ഈ ഓട്ടോ സ്റ്റാൻഡ് വി എസിന്റെ പേരിൽ തന്നെ നിലനിർത്തും- ഹരീഷ് കരുവാച്ചേരി ( വി.എസ് ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ)