സഫലമാകാതെ വി.എസിന്റെ ഐ.ടി.സ്വപ്നം 

Tuesday 22 July 2025 9:55 PM IST

കണ്ണൂർ: സ്വകാര്യ ഭൂമി ഏറ്റെടുത്ത് സമയം കളയാതെ വെറുതേ കിടക്കുന്ന സർക്കാർ ഭൂമി കണ്ടെത്തി ഉപയോഗിക്കുന്ന വികസന നയമായിരുന്നു മുഖ്യമന്ത്രിയായിരിക്കെ വി.എസ് സ്വീകരിച്ചത്.കണ്ണൂർ പയ്യന്നൂർ എരമത്ത് ഇത്തരത്തിൽ ഐടി പാർക്കും വ്യവസായ പാർക്കും പ്രഖ്യാപിച്ചെങ്കിലും പുല്ലുപാറയിലെ ഭൂമി ഇപ്പോഴും അനാഥമായി കിടക്കുകയാണ്. കണ്ണൂരിന്റെ സ്വപ്നപദ്ധതിയെന്ന വിശേഷണവുമായി എരമം പുല്ലുപാറയിൽ സൈബർ പാർക്കിന് അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ തറക്കല്ലിട്ടിട്ട് വർഷം 15 കഴിഞ്ഞു.2010 ജനുവരി 15നായിരുന്നു ആഘോഷപൂർവം തറക്കല്ലിടൽ നടന്നത് .

കണ്ണൂർ വിമാനത്താവളം വരും മുൻപേ ഐ.ടി പാർക്ക് സജ്ജമാകുമെന്നായിരുന്നു പ്രതീക്ഷ. അതിവേഗമായിരുന്നു തുടക്കത്തിൽ കാര്യങ്ങൾ.റോഡ് സൗകര്യവും ഹൈടെൻഷൻ വൈദ്യുതി ലൈനും സജ്ജമാക്കി. അൻപതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം നിർമ്മിക്കാനുള്ള ഒരുക്കം തുടങ്ങി. ഇതിനുള്ള സാമഗ്രികൾ പുണെയിൽ നിന്ന് എത്തിക്കുകയും ചെയ്തു. എന്നാൽ പിന്നീട് പൊടുന്നനെ പ്രവർത്തനങ്ങളെല്ലാം നിലച്ചു.

ഇപ്പോൾ പ്രതീക്ഷ വ്യവസായ പാർക്കിൽ സൈബർ പാർക്കിനായി കണ്ടെത്തിയ ഭൂമി വ്യവസായ വകുപ്പിന് കൈമാറിയിരിക്കുകയാണ് നിലവിൽ. ഇവിടെ വ്യവസായ പാർക്ക് നിർമ്മിക്കുന്നത് സംബന്ധിച്ച് കിൻഫ്ര സാദ്ധ്യതാപഠന റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സെസ് പദവിയിൽ തുടരുന്ന സ്ഥലം നോൺ സെസ് വിഭാഗത്തിലേക്ക് മാറ്റിയാൽ പൊതുവിഭാഗത്തിലുള്ള ചെറിയ വ്യവസായ പാർക്കുകൾക്ക് അനുയോജ്യമാണെന്നാണ് ശിപാർശ. ഭൂമിയുടെ അനുയോജ്യത, സംരംഭകരുടെ ലഭ്യത, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് കൂടുതൽ പഠനം നടത്തേണ്ടതുണ്ട്.