പനി,പലതരം പകർച്ച വ്യാധികൾ മഴയിൽ വേണം മുൻകരുതൽ

Tuesday 22 July 2025 10:00 PM IST

ഒരാഴ്ചക്കിടെ പനിബാധിച്ച് സർക്കാർ ആശുപത്രികളിൽ എത്തിയത് 3391

കണ്ണൂർ : കനത്ത മഴയ്ക്ക് പിന്നാലെ കണ്ണൂർ ജില്ലയിൽ പനിയും മറ്റ് പകർച്ച വ്യാധികളും പടരുന്നു.എലിപ്പനിയും ഡെങ്കിപ്പനിയുമുൾപ്പെടെ മാരകഭീഷണി സൃഷ്ടിക്കുന്ന പകർച്ചവ്യാധികളും പലയിടത്തും വ്യാപകമാണ്. സർക്കാർ ആശുപത്രികളിൽ കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 3391 പേരാണ് ചികിത്സക്കെത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെത്തുന്നവർ വേറെയും.

എട്ട് പേർക്ക് ഡെങ്കിപ്പനിയും 98 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളുമായും ചികിത്സ തേടി.മഞ്ഞപ്പിത്തം ലക്ഷണങ്ങളുമായി 30 ൽ കൂടുതൽ പേർ ചികിത്സ തേടിയിട്ടുണ്ട്.മഴക്കാലത്ത് സർവസാധാരണമായ വൈറൽ പനിയുമായാണ് ഭൂരിഭാഗവുമെത്തുന്നത്.മലയോരത്താണ് രോഗബാധ കൂടുതൽ കണ്ടുവരുന്നത്.വിവിധ തരം ഇൻഫ്ലുവൻസ വൈറസുകളാണ് വൈറൽ പനിക്ക് പ്രധാനമായും കാരണമാകുന്നത്.

ജലജന്യരോഗങ്ങളായ വയറിളക്കം, ഛർദ്ദി, മഞ്ഞപ്പിത്തം എന്നിവ ബാധിച്ച് ചികിത്സക്കെത്തുന്നവരും കുറവല്ല. കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കൻഗുനിയ എന്നിവയും ഭീഷണി സൃഷ്ടിക്കുന്നുണ്ട്.

കൊവിഡ് കേസുകളും ചിലയിടത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതെ സമയം ഒരു വിഭാഗം ആളുകൾ പനി വന്നാലും ആശുപത്രിയിൽ പോകാതെ വീട്ടിൽ തന്നെ ചികിത്സ നടത്തുന്നുണ്ട്.ഇത്തരം പ്രവണതകൾക്കെതിരെ ആരോഗ്യ വകുപ്പ് നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും ഗൗരവമായി എടുത്തിട്ടില്ല.

കാലാവസ്ഥ വൈറസുകൾക്ക് അനകൂലം

മഴക്കാലം അന്തരീക്ഷത്തിൽ ഈർപ്പം നിലനിൽക്കുന്നതിനാൽ വൈറസുകൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കും. അതിന്റെ ഭാഗമായി ഇത്തരം രോഗങ്ങൾ വേഗത്തിൽ വ്യാപിക്കും.മഴക്കാലത്ത് രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ വ്യക്തിഗത ശുചിത്വം, പരിസര ശുചിത്വം, സുരക്ഷിതമായ ഭക്ഷണം, ശുദ്ധമായ ജലം എന്നിവ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.

പ്രത്യേകം ശ്രദ്ധിക്കണം

ചുറ്റുപാടും പരിസരങ്ങളിലും റോഡരികിൽ വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക

കൊതുകുകൾ വളരുന്ന മുഴുവൻ സാഹചര്യങ്ങളും ഒഴിവാക്കുക

കൃത്യമായ ഇടവേളകളിൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക

നനഞ്ഞ വസ്ത്രങ്ങൾ ധരിക്കരുത്.

സ്വയം ചികിത്സ ഒഴിവാക്കണം