കുരുക്കിന് അവധിയില്ല, ഇഴഞ്ഞിഴഞ്ഞ് പണി
തൃശൂർ: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാത പുഴയ്ക്കലിൽ റോഡ് നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതിനാൽ അവധി ദിനത്തിലും ഒഴിയാതെ ഗതാഗതക്കുരുക്ക്. തിങ്കളാഴ്ച വാഹനങ്ങൾ കുരുങ്ങിക്കിടന്നത് രണ്ടു മണിക്കൂറോളമാണെങ്കിൽ ഇന്നലെയും അരമണിക്കൂറിലേറെ യാത്രക്കാർ വലഞ്ഞു. ഇന്നലെ മഴ ഇല്ലാത്ത സമയത്തുപോലും നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗമില്ലെന്നാണ് പരാതി. വേണ്ടത്ര തൊഴിലാളികളുമില്ല. വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ വൻകുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ കാറുകളും ബൈക്കുകളും തകരാറിലാകുന്നതും വഴിയിൽ കിടക്കുന്നതും പതിവുകാഴ്ചയാണ്. അയ്യന്തോൾ മോഡൽ റോഡും തകർന്ന നിലയിലാണ്. ഇവിടെ റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നതിന് അഞ്ച് വർഷം മുൻപ് സർക്കാർ ഭരണാനുമതി നൽകിയതായും ഇതിനായി 20 കോടി രൂപ അനുവദിച്ചിരുന്നതാണെന്നും പറയുന്നു.
മുഖ്യമന്ത്രിക്ക് നിവേദനം അയ്യന്തോൾ റോഡിൽ ഇനിയും ജീവൻ പൊലിയാതിരിക്കാൻ റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ടു വീലർ യൂസേഴ്‌സ് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസിനും നിവേദനം നൽകി.
പൂർത്തിയാകാത്ത പണി
21 വർഷം മുൻപ് ഘട്ടംഘട്ടമായി ആരംഭിച്ച അയ്യന്തോൾ മോഡൽ റോഡിന്റെ പണി ഇപ്പോഴും പൂർത്തിയായിട്ടില്ല. കളക്ടറുടെ ഔദ്യോഗിക ഭവനം മുതൽ പുഴയ്ക്കൽ പാടം വരെയുള്ള ഭാഗമാണ് ഇനിയും പൂർത്തിയാക്കാനുള്ളത്. പണി അവസാനമായി നിറുത്തിവച്ചത് 19 വർഷം മുൻപായിരുന്നു. അയ്യന്തോൾ കുറിഞ്ഞാക്കൽ ജംഗ്ഷനിൽ ബൈക്ക് അപകടത്തിൽ യുവാവിന്റെ ജീവൻ പൊലിഞ്ഞിട്ടും കുഴികൾ അടയ്ക്കാത്തതിൽ പ്രതിഷേധം ശക്തം. ഏറ്റെടുക്കേണ്ട ഭൂമി അളന്നു കല്ലുകൾ സ്ഥാപിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ കേസുകളോ പരാതികളോ ഇല്ലെങ്കിലും നിർമ്മാണം പൂർത്തിയാകുന്നില്ല. ഒരു കിലോമീറ്റർ മാത്രം വരുന്ന അയ്യന്തോൾ കോൺവന്റ് മുതൽ പുഴയ്ക്കൽ പാടം ജംഗ്ഷൻ വരെയുള്ള ഭാഗത്തെ റോഡ് നിർമാണം കൂടി പൂർത്തീകരിച്ചാൽ ജില്ലയുടെ വടക്ക് ഭാഗത്തേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാക്കാം. അപകടക്കുരുക്കിൽ കോലഴിയും കോലഴി ഡോക്ടർ പടിമുതൽ ഗ്രാമീണ വായനശാലയ്ക്ക് മുന്നിലും കോലഴി സെന്ററിലും പൂവണിയിലും കുഴികൾ നിറഞ്ഞതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ഡിവെെഡറുകൾ അശാസ്ത്രീയം
അപകടങ്ങൾക്ക് പരിഹാരമായി വാഹനങ്ങളുടെ വേഗത കുറയ്ക്കാൻ ഡിവൈഡറുകൾ സ്ഥാപിച്ചത് അശാസ്ത്രീയ രീതിലാണെന്നും ആരോപണമുണ്ട്. ഡിവൈഡറുകളിൽ റിഫ്‌ളക്ടറുകൾ വെച്ചിട്ടില്ല. കാറ്റിൽ ഇളകുന്ന വിധത്തിലാണ് സ്ഥാപിച്ചത്. പലയിടങ്ങളിലും വാഹനങ്ങൾ പിടിച്ചു തെറിപ്പിച്ച ഡിവൈഡറുകൾ കടകൾക്ക് മുന്നിൽ ഉപേക്ഷിച്ചു. കോലഴി സെന്ററിലെ തൃശൂർ റോഡിന് അരികെയുള്ള കിണർ കാറിടിച്ച് തകർത്ത് ആൾമറ നഷ്ടപ്പെട്ട നിലയിലാണ്. ഡോക്ടർ പടിയിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള സ്ലാബും പുനഃസ്ഥാപിച്ചിട്ടില്ല. കോലഴി സെനാന മിഷൻ സ്‌കൂളിനു മുന്നിൽ കാൽനട യാത്രക്കാരും നട്ടംതിരിയുകയാണ്. പിഡബ്ല്യുഡി അധികൃതർ ഇടപെടണമെന്ന് കെയർ കോലഴി ആവശ്യപ്പെട്ടു.
മോഡൽ റോഡിന്റെ പണി ഉടൻ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിന് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും മുൻകൈയെടുക്കണം.
-ജെയിംസ് മുട്ടിക്കൽ,
ചെയർമാൻ,
ടു വീലർ യൂസേഴ്‌സ് അസോസിയേഷൻ