അന്ത്യാഭിവാദ്യവുമായി ആലപ്പുഴ
ആലപ്പുഴ: വിപ്ളവകേരളത്തിന് ആലപ്പുഴ ജന്മം നൽകിയ വീരപുത്രൻ വി.എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യവുമായി നാട്. ജില്ലാ അതിർത്തിയായ ഓച്ചിറമുതൽ ആലപ്പുഴ നഗരം വരെ നിരത്തുകളിലും പ്രധാന ജംഗ്ഷനിലുമെല്ലാം വി.എസിന് ആദരാഞ്ജലി അർപ്പിച്ച് ഫ്ളക്സ് ബോർഡുകളാണെങ്ങും. പ്രസ്ഥാനത്തിനും നാടിനും ജനതയ്ക്കുംവേണ്ടി വി.എസ് നടത്തിയ പ്രൗഡോജ്ജ്വല പോരാട്ടങ്ങളുടെ ഓർമ്മക്കുറിപ്പുകളാണ് വി.എസിന്റെ ബഹുവർണ ചിത്രങ്ങളോടുള്ള ഫ്ളക്സ് ബോർഡുകളധികവും.അന്ത്യയാത്രയെ അനുഗമിക്കാനും അന്ത്യാഞ്ജലി അർപ്പിക്കാനും ജില്ലാ അതിർത്തിയിൽ അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ള പ്രവർത്തകരും നേതാക്കളുമുൾപ്പെടെ നൂറ്കണക്കിനാളുകളാണ് പ്രധാന സ്ഥലങ്ങളിലെല്ലാം രാത്രി വൈകിയും അക്ഷമരായി കാത്തുനിന്നത്. ആലപ്പുഴയിൽ നിന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റിയംഗങ്ങളും ജില്ലയിലെ എം.എൽ.എമാരുൾപ്പെടെയുള്ള ജനപ്രതിനിധികളും തങ്ങളുടെ പ്രിയനേതാവിന്റെ അന്ത്യയാത്രയെ ജില്ലാ അതിർത്തിയിൽ നിന്ന് അനുഗമിച്ചതോടെ നാട് ഇതുവരെ കണ്ടിട്ടില്ലാത്ത മഹായാത്രയായി മാറുന്ന കാഴ്ചയായിരുന്നു അത്.
മൃതദേഹം വഹിച്ച വാഹനത്തിനൊപ്പം വി.എസെന്ന വികാരത്തിന് പിന്നാലെ അദ്ദേഹത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവർ രാഷ്ട്രീയത്തിനതീതമായി ഒരു പുരുഷാരമായി ഒഴുകിയതോടെ വലിയ വിലാപയാത്രയായത് മാറുകയായിരുന്നു. വി.എസിനെ അവസാനമായി ഒരുനോക്ക് കാണാനും മുഷ്ടി ചുരുട്ടിയും പുഷ്പങ്ങൾ അർപ്പിച്ചും അന്ത്യാഭിവാദ്യം അർപ്പിക്കാനുമുള്ള തിക്കും തിരക്കുമാണ് ദേശീയപാതയിലെമ്പാടും കാണാനായത്. കായംകുളത്തിന് പിന്നാലെ കരീലക്കുളങ്ങര സ്പിന്നിംഗ് മിൽ, ചേപ്പാട്, നങ്ങ്യാർകുളങ്ങര കവല, ഹരിപ്പാട്, കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ, വളഞ്ഞവഴി, വണ്ടാനം എന്നിവിടങ്ങളിലെല്ലാം പതിനായിരങ്ങളാണ് പാതിരാവ് പിന്നിടുമ്പോഴും വി.എസിന് അന്ത്യാഭിവാദ്യമേകാൻ കാത്തുനിന്നത്. കുട്ടനാടുൾപ്പെടെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്ന് ഒട്ടനവധിപേരാണെത്തിയത്. വിദ്യാർത്ഥികളും യുവജന സംഘടനാ പ്രതിനിധികളും വർഗ ബഹുജന സംഘടനകളുമുൾപ്പെടെ ജീവിതത്തിന്റെ നാനാ തുറകളിലുള്ളവർ വിലാപയാത്രയിൽ അണിചേർന്നു.ഒറ്റയ്ക്കും കൂട്ടായും വാഹനങ്ങളിലും കാൽനടയായും അനുഗമിച്ചതോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലേക്ക് മനുഷ്യമഹാസാഗരമാണ് തങ്ങളുടെ പ്രിയനേതാവിനൊപ്പമെത്തിക്കൊണ്ടിരിക്കുന്നത്.