കർക്കിടകവാവ്‌ ബലിതർപ്പണത്തിന് തൃക്കണ്ണാട് പന്തൽ ഒരുങ്ങി 

Tuesday 22 July 2025 10:33 PM IST

കാസർകോട്: തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തിൽ ഈ വർഷത്തെ കർക്കിടക വാവ് ബലിതർപ്പണത്തിനായി പ്രത്യേകം പന്തൽ ഒരുങ്ങി. തൃക്കണ്ണാട് കടൽത്തീരം കടലാക്രമണത്തിൽ പൂർണ്ണമായും കടലെടുത്തതോടെയാണ് ഇത്തവണ ബലിതർപ്പണത്തിന് പ്രത്യേകം സംവിധാനം ഒരുക്കിയത്. ക്ഷേത്രത്തിന് തെക്കുഭാഗത്തായാണ് വിശാലമായ ബലിതർപ്പണ പന്തൽ കെട്ടിയത്. ചടങ്ങുകൾ ഈ പന്തലിൽ വെച്ച് നടത്തിയ ശേഷം ശാന്തമായ ഭാഗത്തെ കടലിൽ ഒഴുക്കുന്നതിന് പോകും.

കടൽക്ഷോഭം ഉള്ളതിനാൽ ഭക്തജനങ്ങൾ കടൽതീരത്ത് പോകുന്നതിന് അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. തീരത്ത് പൊലീസിന്റെയും സന്നദ്ധസേവകരുടെയും നിരീക്ഷണവും ഉണ്ടാകും.പൊലീസ്, കോസ്റ്റ് ഗാർഡ്. ഹെൽത്ത് എന്നീ വിഭാഗങ്ങളുടെ സേവനവും സദാസമയവും ഉണ്ടാകും.

നാളെ രാവിലെ ഉഷപ്പൂജക്ക് ശേഷം അഞ്ചര മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തിനവീൻചന്ദ്ര കായർത്തായയുടെ നേതൃത്വത്തിൽ ക്ഷേത്ര പുരോഹിതൻ രാജേന്ദ്ര അരളിത്തായയുടെ കാർമ്മികത്വത്തിൽ ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ഒരേ സമയത്ത് ഇരുപതോളം കർമ്മികളുടെ നേതൃത്വത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഭക്തജനങ്ങളുടെ തിരക്ക് ലഘൂകരിക്കുന്നതിന്റെ ഭാഗമായി ബലിതർപ്പണത്തിനുള്ള രശീതികൾ മുൻകൂറായി നൽകുന്നതിന് പുറമെ,ക്ഷേത്രം വെബ്സൈറ്റ്‌ വഴിയും രശീതികൾ ഓൺലൈനായി ചെയ്യുവാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. അന്നേ ദിവസം രാവിലെ 5 മണി മുതൽ എട്ട് വഴിപാട് കൗണ്ടർ പ്രവർത്തിക്കുന്നതാണ് ക്ഷേത്രത്തിൽ എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.