ചൈനയിലടക്കം ദുരിതം, വിഫ ചുഴലിക്കാറ്റ് വിയറ്റ്‌നാമിൽ ആഞ്ഞടിച്ചു, 22 പേർക്ക് ജീവൻ നഷ്‌ടമായി
ഹനോയ്: തെക്കൻ ചൈന കടലിൽ രൂപംകൊണ്ട 'വിഫ' ചുഴലിക്കാറ്റ് ഉഷ്ണമേഖലാ കൊടുങ്കാറ്റായി വിയറ്റ്നാമിൽ ആഞ്ഞടിച്ചു. ചൈന, കൊറിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും ദുരിതം തുടരുകയാണ്. 22 പേർക്ക് ജീവൻ നഷ്ടമായതായാണ് റിപ്പോർട്ട്. വിയറ്റ്നാമിൽ ശക്തമായ കാറ്റിലും മഴയിലും ജനജീവിതം താറുമാറായി. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെ പ്രാദേശികസമയം പത്തോടെയാണ് വിഫ കര തൊട്ടത്. മണിക്കൂറിൽ 102 കിലോമീറ്ററിൽ കാറ്ര് വീശിയടിച്ചു. നിലവിൽ തെക്കുകിഴക്ക് ദിശയിലേക്കാണ് വിഫയുടെ സഞ്ചാരം. തലസ്ഥാനമായ ഹനോയിയുടെ കിഴക്കുള്ള ഹങ് യെൻ പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ വൈദ്യുതി നിലച്ചു.
കച്ചവട സ്ഥാപനങ്ങളുൾപ്പെടെ അടച്ചിട്ടു. ജനങ്ങൾക്ക് വീടുകളിൽ തന്നെ തുടരാനും അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ട്. വിയറ്റ്നാമിൽ 500 മില്ലിമീറ്റർ വരെ മഴപെയ്‌തേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ലക്ഷത്തിലധികം സൈനികരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വടക്കൻ വിയറ്റ്നാമിലുടനീളം വിമാന സർവീസുകൾ റദ്ദാക്കി, തുറമുഖ നഗരമായ ഹായ് ഫോങ്, ക്വാങ് നിൻ പ്രവിശ്യ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ അടച്ചു.
വിഫ ഉടൻ ന്യൂനമർദ്ദമായി ദുർബലമാകുമെന്നാണ് കരുതുന്നത്. വിഫയെ തുടർന്ന് ഫിലിപ്പീൻസിലും കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ മനിലയിലുൾപ്പെടെ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായി. നിരവധിപേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാണ്. ആയിരക്കണക്കിനാളുകളെ മാറ്റിപാർപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളും അടച്ചിട്ടിരിക്കുകയാണ്.