ജവഹർ നഗറിലെ ഭൂമി തട്ടിപ്പ് : മണികണ്ഠന്റെ അനുജൻ അറസ്റ്റിൽ

Wednesday 23 July 2025 1:50 AM IST

തിരുവനന്തപുരം: ജവഹർ നഗറിലെ വസ്‌തുവും വീടും വ്യാജരേഖയുണ്ടാക്കി ഉടമ അറിയാതെ ഒന്നരക്കോടി രൂപയ്ക്ക് മറിച്ചുവിറ്റ കേസിൽ പ്രധാന സൂത്രധാരനെന്ന് സംശയിക്കുന്ന വെണ്ടർ അനന്തപുരി മണികണ്ഠന്റെ അനുജൻ അറസ്റ്റിൽ.

കേസിലെ അഞ്ചാം പ്രതിയായ മണക്കാട് ആറ്റുകാൽ പുത്തൻകോട്ട ശിവക്ഷേത്രത്തിന് സമീപം ടി.സി 41/790 ഗണപതി ഭദ്ര വീട്ടിൽ മഹേഷാണ് പിടിയിലായത്. വ്യാജമായുണ്ടാക്കിയ ആധാരം ജനറേറ്റ് ചെയ്‌തിരിക്കുന്നതും ആധാരമെഴുത്തുകാരനായ മഹേഷിന്റെ ലൈസൻസ് നമ്പർ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മ്യൂസിയം പൊലീസിന്റെ നടപടി. ആധാരം രജിസ്റ്റർ ചെയ്യണമെങ്കിൽ ഇ-സ്റ്റാമ്പ് ജനറേറ്റ് ചെയ്യുകയും രജിസ്റ്റർ ഫീസ് അടയ്ക്കുകയും ചെയ്യണം. ഇതിനായി മഹേഷിന്റെ യൂസർ ഐ.ഡിയും പാസ്‌വേർഡും ഉപയോഗിച്ചാണ് വ്യാജമായി നിർമ്മിച്ച ധനനിശ്ചയ ആധാരവും വിലയാധാരവും ജനറേറ്റ് ചെയ്‌തിരിക്കുന്നതെന്നും വ്യക്തമായി.

അമേരിക്കയിൽ താമസിക്കുന്ന ഡോറ അസറിയ ക്രിപ്‌സിന്റെ വസ്തുവും വീടുമാണ് മെറിൻ ജേക്കബ് എന്നയാൾക്ക് ഉടമയറിയാതെ ധനനിശ്ചയം ചെയ്‌തുകൊടുക്കുകയും ചന്ദ്രസേനൻ എന്നയാൾക്ക് മറിച്ചുവിൽക്കുകയും ചെയ്തത്. ഡോറയുടെ വളർത്തുമകളാണ് മെറിൻ ജേക്കബെന്ന് വരുത്തിത്തീർത്താണ് വസ്തുകൈമാറ്റം നടത്തിയത്. കേസിൽ മെറിൻ ജേക്കബിനെയും ഡോറയായി ആൾമാറാട്ടം നടത്തിയ വസന്തയെയും പൊലീസ് നേരത്തെ പിടികൂടിയിരുന്നു. വ്യാജമായി ആധാരവും മറ്റ് രേഖകളുമുണ്ടാക്കിയെന്ന് സംശയിക്കുന്ന അനന്തപുരി മണികണ്ഠൻ ഒളിവിലാണ്. എ.സി.പി സ്റ്റുവർട്ട് കീലർ,സി.ഐ വിമൽ,എസ്.ഐമാരായ വിപിൻ,ബാലസുബ്രഹ്മണ്യൻ,സൂരജ് എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.