കാഴ്ചകൾ കണ്ട് തോമസും കുദ്രുണും

Wednesday 23 July 2025 1:46 AM IST

വിഴിഞ്ഞം: മനസ്സിൽ തട്ടുന്ന കാഴ്ചകൾ കാണാൻ ഓസ്ട്രിയൻ ദമ്പതികൾ വിഴിഞ്ഞത്തെത്തി. കടലുകാണാൻ ആദ്യമായി കോവളത്തെത്തിയതാണ് തോമസും കുദ്രുണും.കോവളത്തെ കടൽഭംഗി ആവോളം ആസ്വദിച്ചു. തുടർന്ന് നടന്ന് വിഴിഞ്ഞത്തെത്തിയപ്പോൾ വീണ്ടും മനസ് കുളിർക്കുന്ന കാഴ്ചകൾ.വള്ളം നിറയെ മീൻ. ഒരു കുടക്കീഴിൽ കടലിന്റെയും മീൻപിടിത്ത തുറമുഖത്തിന്റെയും വിശാലഭംഗി നുകർന്നാണ് ഓസ്ട്രിയൻ ദമ്പതിമാർ വിഴിഞ്ഞം തീരത്ത് മണികൂറോളം നിന്നത്.

കോവളത്തെ ഹോട്ടലിൽ നിന്നു നാട്ടുകാരനായ സാദിക്കിന്റെ ഓട്ടോറിക്ഷയിൽ കയറിയ ഇരുവരും ഒരാഗ്രഹമേ പറഞ്ഞുള്ളൂ. മനോഹരമായ ഈ നാടിന്റെ കാഴ്ചകൾ കാണിക്കണമെന്ന്. ഇവരെയെത്തിച്ചത് വിഴിഞ്ഞം മീൻപിടിത്ത തുറമുഖത്ത് ഹാർബറിൽ. കെട്ടിയിട്ട് വിവിധ വർണങ്ങളിലെ വള്ളങ്ങളും കടലും തിരയടിയും കണ്ടു. 'തങ്ങളുടെ നാട്ടിൽ ഈ കാഴ്‌ചകളില്ല, കാരണം കടലില്ല. ഉള്ളത് കുന്നും മലകളും മാത്രം. അദ്ധ്യാപികയായ കുദ്രുൺ പറഞ്ഞു.'

മീൻപിടിത്ത തുറമുഖത്തിനൊപ്പം ദൂരെകണ്ട രാജ്യാന്തര തുറമുഖ കാഴ്ചയും വിശേഷങ്ങളും ചോദിച്ചറിഞ്ഞാണ് മടങ്ങിയത്. നാട്ടിൽ ബിസിനസ് മാനേജ്മെന്റ് വിഭാഗത്തിലാണ് തോമസ് ജോലി ചെയ്യുന്നത്. ആയുർവേദ ചികിത്സാർത്ഥം കൂടിയാണ് ഇരുവരും ഇവിടെയെത്തിയത്.