16 റേക്ക് മെമുവിന്റെ ആദ്യ സർവീസ് ഇന്ന് മുതൽ

Wednesday 23 July 2025 1:07 AM IST

ആലപ്പുഴ: 16 കൊച്ചുകളുമായി മെമു ഇന്ന് മുതൽ സർവീസ് ആരംഭിക്കും.കൊല്ലത്ത് നിന്ന് ആലപ്പുഴയിലേക്ക് പുലർച്ചെ 3.45ന് പുറപ്പെടുന്ന മെമുവിലാണ് പുതിയ കോച്ചുകൾ ഉൾപ്പെടുത്തി കൊണ്ടുള്ള പതിനാറ് കോച്ചുകളുമായുള്ള ആദ്യ സർവീസ്. ട്രെയിനിലെ തിരക്ക് കുറക്കുന്നതിനായി കെ.സി. വേണുഗോപാൽ എം.പി റെയിൽവെ മന്ത്രാലയത്തോടും റെയിൽവെ ബോർഡിനോടും നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കപൂർത്തലയിൽ നിർമ്മിച്ച അത്യാധുനിക മെമു റേക്ക് തിരുവനന്തപുരം ഡിവിഷന് കൈമാറിയത്. 12 രക്കുകളുള്ള മേമുവിൽ പുതിയ നാലു റേക്കുകൾ കൂട്ടിച്ചേർത്താണ് 16 കോച്ചുകളുള്ള മെമു സർവീസ് ആരംഭിക്കുന്നത്. തീരദേശപാത വഴി സഞ്ചരിക്കുന്ന മറ്റുരണ്ടു മെമു ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം 16 ആക്കുന്നതിനുള്ള നടപടികളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ആഗസ്റ്റ് പകുതിയോടെ ക്രമീകരണങ്ങൾ പൂർത്തിയാകുമെന്നും ഡിവിഷണൽ റെയിൽവെ മാനേജർ കെ.സി. വേണുഗോപാൽ എം.പിയെ അറിയിച്ചു. കൊല്ലത്ത് നിന്ന് പുറപ്പെട്ട് ആലപ്പുഴയിലെത്തുന്ന മെമു പിന്നീട് എറണാകുളത്തേക്കും തുടർന്ന് ഷൊർണ്ണൂർ,കണ്ണൂർ വരെയും ശേഷം തിരിച്ചും സർവീസ് നടത്തും.