മീന്‍ ഫ്രെഷോ അതോ പഴകിയതോ? ഈ ട്രിക്ക് ഉപയോഗിച്ചാല്‍ എളുപ്പത്തില്‍ കണ്ടെത്താം

Tuesday 22 July 2025 11:25 PM IST

മലയാളികളുടെ ഭക്ഷണത്തിലെ സ്ഥിരം സാന്നിദ്ധ്യമാണ് മത്സ്യം. എന്നാല്‍ മായം ചേര്‍ക്കാത്ത നല്ല മീന്‍ കിട്ടുകയെന്നത് അത്ര എളുപ്പമല്ല. ഉയര്‍ന്ന വില നല്‍കി ഫ്രെഷ് എന്ന പേരില്‍ നമ്മള്‍ വാങ്ങുന്ന പല മീനുകളും ദിവസങ്ങളുടെയോ ആഴ്ചകളുടെയോ പഴക്കമുള്ളവയാകാം. എന്നാല്‍ നമുക്ക് തന്നെ കടയില്‍ പോയി മീന്‍ വാങ്ങുമ്പോള്‍ ചില ടെക്‌നിക്കുകള്‍ പരീക്ഷിച്ചാല്‍ മീന്‍ നല്ലതോ മോശമോയെന്ന് കണ്ടെത്താന്‍ കഴിയും. അത് എന്തൊക്കെയാണെന്ന് നോക്കാം.

മീനിന്റെ കണ്ണുകള്‍ അവയുടെ പഴക്കം സംബന്ധിച്ച് കൃത്യമായ സൂചന നല്‍കുമെന്നത് പലര്‍ക്കും അറിയില്ല. പഴക്കമുള്ള മീനുകളുടെ കണ്ണുകള്‍ നിറം മങ്ങിയവും ഫ്രെഷ് മീനുകളാണെങ്കില്‍ കണ്ണുകള്‍ക്ക് നല്ല തിളക്കമുണ്ടാകും. പഴകിയ മീനാണെങ്കില്‍ അവയുടെ ചെകളയ്ക്ക് തവിട്ട് നിറമല്ലെങ്കില്‍ ചാര നിറമായിരിക്കും. എന്നാല്‍ പുതിയ മീനുകള്‍ക്ക് ഇത് ചുവപ്പ്, പിങ്ക് നിറത്തിലായിരിക്കും കാണപ്പെടുക. അതുപോലെ തന്നെ മീനുകളുടെ മാംസം, ഗന്ധം എന്നിവ പരിശോധിച്ചും പഴക്കം കൃത്യമായി കണ്ടെത്താന്‍ കഴിയും.

ഫ്രെഷ് മത്സ്യമാണെങ്കില്‍ അവയുടെ മാംസത്തിന് നല്ല ബലവും ഒപ്പം ഇലാസ്തികതയും കാണും. എന്നാല്‍ പഴകിയ മീനാണെങ്കില്‍ അവയുടെ മാംസം സോഫ്റ്റായിരിക്കുകയും എളുപ്പത്തില്‍ വേര്‍പ്പെട്ട് പോകുന്നവയുമായിരിക്കും. പഴക്കം കൂടിയ മീനുകള്‍ക്ക് അമോണിയം കലര്‍ത്തിയതിനാല്‍ തന്നെ അതിന്റെ മണമുണ്ടാകും എന്നാല്‍ പുതിയ മീനാണെങ്കില്‍ അവയ്ക്ക് കടല്‍ വെള്ളത്തിന്റെ നല്ല ഗന്ധം ഉണ്ടായിരിക്കും. ഇനി മുതല്‍ മീന്‍ വാങ്ങാന്‍ പോകുമ്പോള്‍ ഈ ട്രിക്കുകള്‍ പരിശോധിച്ച് നോക്കിയാല്‍ ആരോഗ്യത്തിന് വലിയ കേട് വരാത്തവ നോക്കി വാങ്ങാന്‍ കഴിയും.