വി.എസിന് തമിഴ് മക്കളുടെ 'ധീര വണക്കം'

Wednesday 23 July 2025 1:36 AM IST

കൊല്ലം: കേരളത്തിന്റെ സമര ചരിത്രങ്ങളിൽ ജ്വലിക്കുന്ന വി.എസ് എന്ന രണ്ടക്ഷരം തമിഴ്നാട്ടിലും വികാരമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നതായിരുന്നു ഇന്നലെ ചെങ്കോട്ടയിലടക്കം നടന്ന മൗനജാഥകളും അനുസ്മരണ കൂട്ടായ്മകളും.

വി.എസിന്റെ ചിത്രം ആലേഖനം ചെയ്ത പോസ്റ്ററുകളുമായി തമിഴ് മക്കൾ മൗന ജാഥകൾ നടത്തി. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ കറുത്ത ബാഡ്ജ് ധരിച്ചാണ് അണിനിരന്നത്. വിവിധ ഇടങ്ങളിൽ വലിയ ഫ്ളക്സ് ബോ‌ർഡുകളും സ്ഥാപിച്ചിരുന്നു. സി.പി.എം, സി.പി.ഐ, ഡി.എം.കെ, കോൺഗ്രസ്, എ.ഐ.എ.ഡി.എം.കെ തുടങ്ങി മിക്ക രാഷ്ട്രീയ പാർട്ടികളും അനുസ്മരണ ചടങ്ങുകളിൽ പങ്കെടുത്തു. സി.പി.എം രൂപീകരണത്തിന് മുമ്പും രൂപീകരിച്ച ശേഷവും വി.എസ് തമിഴ്നാട്ടിലെ പാർട്ടി പ്രവ‌ർത്തകരുമായി ആത്മബന്ധം പുലർത്തിയിരുന്നു. ഇ.എം.എസിന്റെ 'തമിഴ്നാട് മോഡലിനെ' എതിർത്ത വി.എസിന് പക്ഷെ, തമിഴ്മക്കൾക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കാനായെന്നത് പ്രകടമാക്കിയാണ് അവർ സഖാവിന് 'ധീര വണക്കം' അർപ്പിച്ചത്.