സുപ്രീംകോടതിയെ തള്ളി തിര.കമ്മിഷൻ: പൗരത്വ പരിശോധന നടത്താൻ അധികാരമുണ്ട്; ആധാർ പറ്റില്ല

Wednesday 23 July 2025 12:16 AM IST

 ആധാർ, വോട്ടർ ഐ.ഡി, റേഷൻ കാർഡ് സ്വീകാര്യമല്ല

 നിലപാട് ബീഹാർ വോട്ടർ പട്ടിക പുതുക്കലിൽ

ന്യൂഡൽഹി : ബീഹാറിലെ തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടികളിൽ ആധാർ, വോട്ടർ ഐ.ഡി, റേഷൻ കാർഡ് എന്നിവ സ്വീകരിക്കണമെന്ന സുപ്രീംകോടതി താത്പര്യത്തെ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ. പൗരത്വം തിരഞ്ഞെടുപ്പ് കമ്മിഷനല്ല, ആഭ്യന്തര മന്ത്രാലയം തീരുമാനിക്കേണ്ട വിഷയമാണെന്ന പരമോന്നത കോടതി നിലപാടും അംഗീകരിച്ചില്ല.

വോട്ടർ പട്ടികയിൽ ഉൾപ്പെടാൻ ഇന്ത്യൻ പൗരനായിരിക്കണം. പൗരനാണോയെന്ന് പരിശോധിക്കേണ്ടത് കമ്മിഷന്റെ ഉത്തരവാദിത്തം.

പൗരത്വ പരിശോധനയ്‌ക്ക് ഭരണഘടനാപരമായി തങ്ങൾക്ക് അധികാരമുണ്ടെന്ന് സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു.

മൂന്നു രേഖകളും ഒഴിവാക്കിയ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ അതെന്തുകൊണ്ടെന്ന് കമ്മിഷൻ വിശദീകരിക്കണമെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചിരുന്നു.

ബീഹാർ വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ഏകപക്ഷീയമെന്നും ഭരണഘടനാ വിരുദ്ധമെന്നും ചൂണ്ടിക്കാട്ടി 'ഇന്ത്യ' മുന്നണിയിലെ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുന്നത്.

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബറിലോ നവംബറിലോ നടന്നേക്കുമെന്നാണ് സൂചനകൾ. അതിനാൽ സുപ്രീംകോടതിയുടെ നിലപാട് നിർണായകമാകും. ഈ മാസം 28ന് വിഷയം പരിഗണിച്ചേക്കും.

 ആധാർ ആധികാരിക

രേഖയല്ലെന്ന് കമ്മിഷൻ

1. ആധാർ കാർഡിനെ ആധികാരിക രേഖയായി അംഗീകരിച്ചിട്ടില്ല. അതു സ്വീകരിച്ച് വോട്ടർ പട്ടികയിൽ ഇടം നൽകാൻ കഴിയില്ല. ആധാർ തിരിച്ചറിയലിന് വേണ്ടി മാത്രമുള്ളതാണ്. പൗരത്വം തെളിയിക്കുന്നതല്ല.

2.പഴയ പട്ടിക പ്രകാരം നൽകിയ വോട്ടർ ഐ.ഡി ആധികാരിക രേഖയായി സ്വീകരിക്കാൻ കഴിയില്ല. ജനപ്രാതിനിധ്യ നിയമത്തിന്റെ അടിസ്ഥാനത്തിൽ ബീഹാറിലെ വോട്ടർ പട്ടിക പൂർണമായും പുതുക്കുകയാണ്.

3. വ്യാജ റേഷൻ കാർഡുകളുടെ അതിപ്രസരമുള്ളതിനാൽ സ്വീകാര്യമല്ല. അഞ്ചുകോടി വ്യാജ റേഷൻ കാർഡുകൾ രേഖകളിൽ നിന്ന് ബീഹാർ സർക്കാർ നീക്കിയത് ഉദാഹരണം.