ഹോസ്റ്റൽ മുറിയിൽ നിർമ്മിച്ച ഡ്രോണുകൾ ഇന്ത്യൻ സേനയ്ക്ക്
താരങ്ങളായി എൻജി. വിദ്യാർത്ഥികൾ
ന്യൂഡൽഹി: റഡാറുകളുടെ കണ്ണിപ്പെടില്ല, ബോംബുകളുമായി മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് ശത്രു ലക്ഷ്യങ്ങൾ തകർക്കും. ഇതെല്ലാം ഒത്തുകൂടിയ ഡ്രോണുകൾ നിർമ്മിച്ചത് പിലാനി ബിർള ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹൈദരാബാദ് ക്യാമ്പസിലെ ഹോസ്റ്റൽമുറിയിൽ നിന്ന്. അതും 20 കാരായ രണ്ട് എൻജിനിയറിംഗ് വിദ്യാർത്ഥികൾ ചേർന്ന്. ഇന്ത്യൻ സേനയുടെ ഭാഗമായ ഈ ഡ്രോണുകൾ ഇനി മുതൽ യുദ്ധമുന്നണിയിൽ ശത്രു ലക്ഷ്യങ്ങളിൽ ബോംബുകളുമായി കുതിക്കും.
രാജസ്ഥാനിലെ അജ്മീറിൽ നിന്നുള്ള മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥി ജയന്ത് ഖത്രിയും കൊൽക്കത്തയിൽ നിന്നുള്ള ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥി സൗര്യ ചൗധരിയും ഹോസ്റ്റൽ മുറിയിൽ നടത്തിയ പരീക്ഷണങ്ങളാണ് ഡ്രോണിന്റെ പിറവിക്കു പിന്നിൽ. അപ്പോളിയോൺ ഡൈനാമിക്സ് എന്ന സ്റ്റാർട്ട് അപ്പിലൂടെയാണ് ഡ്രോണുകൾ വാണിജ്യാടിസ്ഥാനത്തിൽ ഇവർ നിർമ്മിക്കാൻ ആരംഭിച്ചത്.
സേനയ്‌ക്ക് ഡ്രോണുകൾ പ്രയോജനപ്പെട്ടേക്കുമെന്ന് വിവരിച്ച് ഇവർ സൈനിക ഉദ്യോഗസ്ഥർക്ക് ഇ-മെയിൽ അയയ്ക്കുകയായിരുന്നു. തുടർന്ന് ചണ്ഡിഗഢിൽ സൈന്യത്തിനായി ഡ്രോണിന്റെ പ്രവർത്തന പരീക്ഷണത്തിന് അവസരം ലഭിച്ചു. ഡ്രോണുകൾ മികച്ചതെന്ന് ബോധ്യമായതോടെ സേന ജമ്മു,ഹരിയാനയിലെ ചണ്ഡിമന്ദിർ,ബംഗാളിലെ പനാഗഡ്,അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ യൂണിറ്റുകളിൽ വിന്യസിക്കാൻ കമ്പനിക്ക് ഓർഡറും നൽകി.
അഞ്ചിരട്ടി വേഗത
വാണിജ്യ ഡ്രോണുകളെക്കാൾ അഞ്ചിരട്ടി വേഗതയിൽ (മണിക്കൂറിൽ 300 കി.മീ) ഈ ഡ്രോണുകൾ പ്രവർത്തിക്കും
ഒരു കിലോയോളം സ്‌ഫോടക വസ്‌തുക്കൾ ഉൾക്കൊള്ളും.
പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിക്കും
ആറ് എൻജിനിയറിംഗ് വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ച സ്റ്റാർട്ട് അപ്പ് ഇനി നെക്‌സ്‌റ്റ് ജനറേഷൻ വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് (വി.ടി.ഒ.എൽ) ഡ്രോണുകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്.
-സൗര്യ ചൗധരി