വൃദ്ധനെ ഇടിച്ച ശേഷം ഓട്ടോ നിര്‍ത്താതെ പോയി; റൗഡി വിഷ്ണു പിടിയില്‍

Wednesday 23 July 2025 12:52 AM IST

വെള്ളിക്കുളങ്ങര: ഓട്ടോറിക്ഷയിടിച്ച് വൃദ്ധന്‍ മരിച്ച സംഭവത്തില്‍ സ്റ്റേഷന്‍ റൗഡിയായ മറ്റത്തൂര്‍ നാടിപ്പാറ വടക്കൂട്ട് വീട്ടില്‍ വിഷ്ണു (28) അറസ്റ്റില്‍. മൂന്നുമുറി പെട്രോള്‍ പമ്പിനടുത്ത് വെച്ച് കൊടകര കോടാലി റോഡിന് കുറുകെ കടക്കുന്നതിനിടെയാണ് അവിട്ടപ്പള്ളി സ്വദേശി ആട്ടോക്കാരന്‍ വീട്ടില്‍ ദേവസി(68) ഓട്ടോയിടിച്ച് മരിച്ചത്. അപകടത്തിന് ശേഷം ഓട്ടോ നിറുത്താതെ പോയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 4.45 ഓടെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനായി മറ്റൊരു ഓട്ടോറിക്ഷ നിറുത്തിക്കൊടുത്തപ്പോഴാണ് ദേവസി റോഡിന് കുറുകെ നടന്നത്. ഈ സമയം അപകടകരമായ രീതിയില്‍ റോഡിലൂടെ വിഷ്ണു ഓടിച്ചുവന്ന ഓട്ടോറിക്ഷ ദേവസിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവശേഷം വിഷ്ണു പരിക്കേറ്റ ദേവസിക്ക് വൈദ്യസഹായം നല്‍കാന്‍ ശ്രമിക്കാതെ വാഹനം ഓടിച്ച് പോയി. പിന്നീട് ഒളിവില്‍ പോകുകയും ചെയ്തു.

ദേവസിയെ അതുവഴി വന്ന് ബൈക്ക് യാത്രക്കാരനാണ് മറ്റൊരു ഓട്ടോറിക്ഷയില്‍ കോടാലി ഹെല്‍ത്ത് സെന്ററിലും അവിടെ നിന്ന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും എത്തിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയ്ക്ക് ദേവസി മരിച്ചു. 12 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് വിഷ്ണു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.