മോദിയുടെ യു.കെ, മാലദ്വീപ് സന്ദർശനം ഇന്ന് മുതൽ

Wednesday 23 July 2025 1:02 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യു.കെ,മാലദ്വീപ് സന്ദർശനത്തിനായി ഇന്ന് പുറപ്പെടും. ഇന്ന് ലണ്ടനിലെത്തുന്ന മോദി യു.കെ പ്രധാനമന്ത്രി കെയ്‌ർ സ്റ്റാമറുമായി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പത്രസമ്മേളനത്തിൽ പറഞ്ഞു. രണ്ട് ദിവസത്തെ യു.കെ സന്ദർശനത്തിനിടെ മോദി ചാൾസ് മൂന്നാമൻ രാജാവിനെയും കാണും. ഇന്ത്യയിൽ നിന്നും യു.കെയിൽ നിന്നുമുള്ള വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാറിൽ മോദിയും സ്റ്റാമറും ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ട്. മേയിൽ പ്രധാനമന്ത്രിമാർ നടത്തിയ ചർച്ചയിൽ കരാർ അംഗീകരിച്ചിരുന്നു.

ഖാലിസ്ഥാൻ ഭീകരരുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്ക യു.കെയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും മിസ്രി പറഞ്ഞു. കുറ്റകൃത്യം ചെയ്ത് രാജ്യം വിട്ടവരെ തിരികെയെത്തിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ യു.കെയുമായി നടന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 25ന് ലണ്ടനിൽ നിന്ന് മാലദ്വീപിലേക്ക് പോകുന്ന മോദി 26ന് മാലദ്വീപിന്റെ 60-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ വിശിഷ്ടാതിഥിയാകും. ഡോ. മുഹമ്മദ് മുയിസു പ്രസിഡന്റായതിനുശേഷം മാലദ്വീപിലെത്തുന്ന ആദ്യ വിദേശ രാഷ്ട്രത്തലവനാണ് മോദി. സമഗ്രമായ സാമ്പത്തിക,സമുദ്ര സുരക്ഷാ പങ്കാളിത്ത പദ്ധതിയുടെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തും. 2024 ഒക്ടോബറിൽ മുയിസു ഇന്ത്യയിലെത്തിയപ്പോഴാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത്.

മുയിസു അധികാരത്തിലെത്തിയതിന് പിന്നാലെ നടന്ന ഇന്ത്യക്കെതിരായ പ്രചാരണങ്ങൾ മാലദ്വീപ്-ഇന്ത്യ ബന്ധം വഷളാക്കിയിരുന്നു. മാലദ്വീപ് ചൈനയെ കൂടുതൽ ആശ്രയിക്കുന്നതും ബന്ധത്തെ ബാധിച്ചു. നയതന്ത്ര തലത്തിൽ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ഉഭയകക്ഷിബന്ധം മെച്ചപ്പെട്ടതെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.