ഐ.എം.എഫിലെ ഉന്നത പദവി രാജിവച്ച് ഗീത ഗോപിനാഥ്
വാഷിംഗ്ടൺ: പ്രശസ്ത മലയാളി സാമ്പത്തിക ശാസ്ത്രജ്ഞയും അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐ.എം.എഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമായ ഗീത ഗോപിനാഥ് പദവി രാജിവച്ചു. അദ്ധ്യാപന ജീവിതത്തിലേക്ക് മടങ്ങാനാണ് തീരുമാനം. സമൂഹ മാദ്ധ്യമത്തിലൂടെ ഗീത തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഓഗസ്റ്റിൽ ഹാർവഡ് യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്സ് അദ്ധ്യാപികയായി മടങ്ങിയെത്തുമെന്നും വ്യക്തമാക്കി. യു.എസ് പൗരത്വമുള്ള ഇന്ത്യൻ വംശജയായ ഗീത, 2019 ലാണ് ഐ.എം.എഫിലെത്തിയത്. ചീഫ് ഇക്കണോമിസ്റ്റായാണ് ജോലിയിൽ പ്രവേശിച്ചത്. 2022ൽ ജെഫ്രി ഒകമോട്ടോയുടെ പിൻഗാമിയായി ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി. ഈ പദവിയിലെത്തിയ ആദ്യ വനിത എന്ന ഖ്യാതിയും സ്വന്തമായിരുന്നു. കൊവിഡ് മഹാമാരി കാലത്ത് ഗീതയുടെ സംഭാവനകൾ വളരെ വലുതായിരുന്നുവെന്ന് ഐ.എം.എഫ് അറിയിച്ചു.
ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ എന്ന നിലയിൽ ഐ,എം,എഫിന്റെ നയരൂപീകരണം, ജി.എ7, ജി.20 എന്നിവയിൽ ഐ.എം.എഫിന്റെ ഇടപെടലുകൾ, യുക്രെയ്ൻ, അർജന്റീന എന്നിവിടങ്ങളിലെ ഐ.എം.എഫിന്റെ പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം ഗീത വലിയ പങ്കുവഹിച്ചു. കണ്ണൂരിൽ വേരുകളുള്ള ഗീത 2016-18ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു.
ഭിന്നത നിലനിൽക്കേ പിൻഗാമിയാര്
നിലവിൽ ഐ.എം.എഫിൽ മുഖ്യ പങ്കാളിത്തം യു.എസിനും യൂറോപ്യൻ രാജ്യങ്ങൾക്കുമാണ്. മാനേജിംഗ് ഡയറക്ടറെ നാമനിർദ്ദേശം ചെയ്യുന്നത് യൂറോപ്പും ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറെ നിർദ്ദേശിക്കുന്നത് യു.എസുമാണ്. ഐ.എം.എഫിൽ ഗീതയുടെ പിൻഗാമിയെ ട്രംപ് ഭരണകൂടം വൈകാതെ നിർദ്ദേശിക്കും. യു.എസ് ഭരണകൂടവുമായുള്ള ചർച്ചകൾക്ക് ശേഷം പിൻഗാമിയെ തിരഞ്ഞെടുക്കുന്നതും പ്രഖ്യാപിക്കുന്നതും ഐ.എം.എഫിന്റെ മാനേജിംഗ് ഡയറക്ടർ ബൾഗേറിയക്കാരി ക്രിസ്റ്റലീന ജോർജിയേവയാണ്. എന്നാൽ ട്രംപ് ഭരണകൂടവും ഐ.എം.എഫും തമ്മിൽ നിലവിൽ അഭിപ്രായഭിന്നത രൂക്ഷമാണ്. ഐ.എം.എഫിൽ നിന്ന് യു.എസ് പിന്മാറിയേക്കുമെന്ന ഭീഷണിയും അടുത്തിടെ ട്രംപ് മുഴക്കിയിരുന്നു. ഐ.എം.എഫിനെ യഥാർത്ഥ ഐ.എം.എഫ് ആക്കിമാറ്റുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട് ബെസ്സന്റും പ്രഖ്യാപിച്ചിരുന്നു. ഐ.എം.എഫ് അതിന്റെ പ്രവർത്തനലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുന്നു എന്നായിരുന്നു പ്രധാന വിമർശനം.