ധാക്ക വിമാനാപകടം: മരണം 30 ആയി

Wednesday 23 July 2025 1:06 AM IST

ധാക്ക: ബംഗ്ലാദേശിലെ ധാക്കയിൽ സ്‌കൂളിന് സമീപം യുദ്ധവിമാനം തകർന്നുവീണ സംഭവത്തിൽ മരണം 30 ആയി. പരിക്കേറ്റ 170ലേറെ പേർ ചികിത്സയിലാണ്. ഇവരിൽ 160ഓളം പേർ ഉച്ച കഴിഞ്ഞുള്ള ക്ലാസുകൾക്കായി ക്യാമ്പസിലുണ്ടായിരുന്നവരാണ്. പൈലറ്റ് ജനസാന്ദ്രതയുള്ള പ്രദേശങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രമിച്ചെന്ന് അധികൃതർ അറിയിച്ചു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷിക്കാൻ ഉന്നതതല വ്യോമസേനാ സമിതിയെ നിയോഗിച്ചു. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ ബംഗ്ലാദേശ് ഇടക്കാല സർക്കാർ നേതാവ് മുഹമ്മദ് യൂനുസ് വിശദമായ അന്വേഷണം നടത്തുമെന്ന് പ്രതികരിച്ചു. ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമാണെന്നും സാദ്ധ്യമായ എല്ലാ പിന്തുണയും സഹായവും നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും അറിയിച്ചു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നോടെയാണ് ധാക്കയിലെ ഉത്തര മേഖലയിലുള്ള മൈൽസ്റ്റോൺ സ്‌കൂളിന് സമീപം ചെനീസ് നിർമ്മിത ജെ-7 യുദ്ധവിമാനം തകർന്നുവീണത്. പരിശീലന പറക്കലിലായിരുന്നു വിമാനം. മരിച്ചവരിൽ 25 പേരും കുട്ടികളാണ്.

അപകടം എങ്ങനെ

കുർമിറ്റോളയിലെ വ്യോമസേനാ താവളത്തിൽ നിന്ന് പതിവ് പരിശീലനത്തിനായി ഉച്ചയ്ക്ക് 1.06ന് യുദ്ധവിമാനം പറന്നുയർന്നു, ഉടനെ സാങ്കേതിക തകരാർ കണ്ടെത്തി. വിമാനം തിരിച്ചുവിടാൻ പൈലറ്റ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ജെറ്റ് കെട്ടിടത്തിൽ ഇടിച്ചുകയറി.

തകർന്നുവീണത്

വ്യോമസേനാ താവളത്തിൽ നിന്ന് ഏകദേശം പത്ത് കിലോമീറ്റർ അകലെയുള്ള ദിയാബാരി പ്രദേശത്തെ മൈൽസ്റ്റോൺ സ്‌കൂൾ ആൻഡ് കോളേജിന്റെ ഇരുനില കെട്ടിടത്തിലാണ് വിമാനം ഇടിച്ചുകയറിയത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കെട്ടിടത്തിന്റെയടുത്ത് കിടക്കുന്നതിന്റെയും ഇരുമ്പ് ഗ്രില്ലുകൾ പൊളിച്ചുമാറ്റുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.

ജെറ്റ് എഫ്7 യുദ്ധവിമാനം ചൈനയുടെ ചെങ്ഡു ജെ7/എഫ്7 വേരിയന്റിലെ അവസാനത്തേതും നൂതനവുമായ വകഭേദമാണ്. 2011ലാണ് ഈ വിഭാഗത്തിലെ 16 വിമാനങ്ങൾക്കായി ബംഗ്ലാദേശ് ചൈനയുമായി കരാറിൽ ഒപ്പുവച്ചത്,2013 ഓടെ വിതരണം പൂർത്തിയായി.

കണ്ടത് ഭീകരമായ കാഴ്ച

'ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് വരുമ്പോഴാണ് ഒരു വലിയ ശബ്ദം കേട്ടത്. സംഭവിച്ചത് എന്താണെന്ന് മനസിലായില്ല. 

പുറത്തേക്ക് ഓടിയപ്പോൾ കണ്ടത് ഭീകരമായ കാഴ്ചയായിരുന്നു. തീപിടിച്ച ശരീരവുമായി ഓടുന്ന കുട്ടികൾ. ഉടൻ വാഷ്റൂമിലേക്ക് ഓടി, പൊള്ളലേറ്റവരുടെ ശരീരത്തിൽ വെള്ളമൊഴിച്ചു. അപ്പോഴേക്കും സ്‌കൂൾ മുഴുവൻ തീയും പുകയും വ്യാപിച്ചിരുന്നു. അതേസമയം,മറ്റൊരു അദ്ധ്യാപകൻ ക്ലാസ്മുറികൾ ഒഴിപ്പിക്കാൻ പറഞ്ഞുകൊണ്ടിരുന്നു. സഹപ്രവർത്തകർക്കും പൊള്ളലേറ്റിരുന്നു. കുട്ടികളുടെ കണ്ട് നിസഹായതോടെ നിൽക്കാനേ കഴിഞ്ഞുള്ളു.- മൈൽസ്റ്റോൺ അദ്ധ്യാപിക പൂർണിമ ദാസ് ഫേസ്ബുക്കിൽ കുറിച്ചു.

വിമാനം സ്‌കൂൾ കെട്ടിടത്തിൽ തട്ടി വീണത് എന്റെ മുന്നിലാണ്. കൺമുന്നിൽ കൂട്ടുകാരൻ മരിച്ചുവീണു. - പരീക്ഷ കഴിഞ്ഞ് ക്ലാസ് മുറിയിൽ നിന്ന് വന്ന ഫർഹാൻ ഹസൻ പറഞ്ഞു. കൂടെ പരീക്ഷയെഴുതിയ കൂട്ടുകാരൻ കൺമുന്നിൽ മരിച്ചുവീണതിന്റെ ഞെട്ടലിലാണ് ഹസൻ. മറ്റൊരു അധ്യാപകനായ മസൂദ് താരിക് തന്റെ അനുഭവം ഓർമ്മിച്ചെടുത്തു, ഒരു വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതും, തിരിഞ്ഞുനോക്കിയപ്പോൾ തീയും പുകയും മാത്രമായിരുന്നു എന്ന് അദ്ധ്യാപകനായ മസൂദ് താരിക് പ്രതികരിച്ചു.