ദുരഭിമാനക്കൊല ദമ്പതികളെ മരുഭൂമിയിലെത്തിച്ച് വെടിവച്ചു കൊന്നു; 14 പേർ അറസ്റ്റിൽ

Wednesday 23 July 2025 1:07 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഒരുകൂട്ടം ആളുകൾ ദമ്പതികളെ മരുഭൂമിയിൽ കൊണ്ടുപോയി വെടിവച്ചുകൊന്ന സംഭവത്തിൽ 14 പേർ അറസ്റ്റിൽ.

വാഹനത്തിൽനിന്ന് പിടിച്ചിറക്കി ഇരുവരെയും കൊലപ്പെടുത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 14 പേർ അറസ്റ്റിലായത്. ഇൽസാനുള്ള, ബാനോ ബീബി എന്നിവരാണ് കൊല്ലപ്പെട്ടത്. അവിഹിതബന്ധം ആരോപിച്ച് ഗോത്രനേതാവ് വധശിക്ഷ വിധിക്കുകയായിരുന്നു എന്നാണ് സൂചന. സംഭവം വിവാദമായതോടെ മതപണ്ഡിതരും ജനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞവർഷം പാകിസ്ഥാനിൽ 405 ദുരഭിമാനക്കൊലകൾ നടന്നതായാണ് മനുഷ്യാവകാശ കമ്മിഷന്റെ കണക്ക്.