 യൂറോപ്യൻ യൂണിയന്റെ നടപടി പ്രധാനം ഇന്ധന സുരക്ഷ,​ ചെയ്യേണ്ടത് ചെയ്യും: ഇന്ത്യ

Wednesday 23 July 2025 1:07 AM IST

ന്യൂഡൽഹി: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനെതിരെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും യു.എസിൽ നിന്നുമടക്കം സമ്മർദ്ദം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി ഇന്ത്യ. ഇന്ധന സുരക്ഷയാണ് പ്രധാനമെന്നും അതിനാണ് പ്രഥമ പരിഗണനയെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.തങ്ങൾക്ക് എന്താണോ വേണ്ടത് അത് ചെയ്യുമെന്നും പറഞ്ഞു. ഊർജ്ജ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ യു.കെ സന്ദർശന വേളയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി പ്രധാനമന്ത്രി മോദി ചർച്ച ചെയ്യുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഭീഷണിയുമായി യു.എസ് സെനറ്റർ

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് യു.എസ് സെനറ്ററുടെ മുന്നറിയിപ്പ്. എണ്ണ വാങ്ങുന്നത് നിറുത്തിയില്ലെങ്കിൽ ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള റഷ്യയുടെ വ്യാപാര പങ്കാളികൾക്ക് മേൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർന്ന തീരുവ ചുമത്തുമെന്ന് സെനറ്റർ ലിൻഡ്‌സെ ഗ്രഹാമ് പറഞ്ഞു. എണ്ണയുമായി ബന്ധപ്പെട്ട ഇറക്കുമതികൾക്ക് 100 ശതമാനം തീരുവ ചുമത്താൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായും അങ്ങനെ സമ്പദ്‌വ്യവസ്ഥ തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യൻ എണ്ണ വാങ്ങുന്ന ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്ക് മേൽ ട്രംപ് താരീഫ് ചുമത്താൻ പോവുകയാണ്. യുക്രയിൻ-റഷ്യ യുദ്ധത്തിനിടെ എണ്ണ വാങ്ങുന്നത് തുടരുകയാണെങ്കിൽ, ഞങ്ങൾ നിങ്ങളെ നിലംപരിശാക്കുകയും സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും ചെയ്യും.