അഹമ്മദാബാദ് നാഗ്പ്പൂർ വിമാനത്താവളത്തിൽ ബോംബ് ഭീഷണി

Wednesday 23 July 2025 1:11 AM IST

അഹമ്മദാബാദ്: അഹമ്മദാബാദ്, നാഗ്പ്പൂർ വിമാനത്താവളങ്ങൾക്ക് നേരെ ഇന്നലെയുണ്ടായ ബോംബ് ഭീഷണി പരിഭ്രാന്തിക്കിടയാക്കി. രണ്ട് വിമാനത്താവളങ്ങിലും തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഇ-മെയിൽ വഴിയാണ് ഇരും വിമാനത്താവളങ്ങൾക്കും ഭീഷണി സന്ദേശം ലഭിച്ചത്. ഇരു സംഭവങ്ങളിലും അന്വേഷണം ആരംഭിച്ചു.

അഹമ്മദാബാദ് ക്രൈം ബ്രാഞ്ചിന്റെ ഇ-മെയിലിലേക്കാണ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന തരത്തിൽ സന്ദശമെത്തിയത്. തുടർന്ന് ഉടൻ പൊലീസും അഗ്നിശമന സേനയും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

അതിനിടെ ഇന്നലെ രാവിലെ 7.30ഓടെയാണ് നാഗ്പ്പൂർ വിമാനത്താവളത്തിലും ബോംബ് ഭീഷണി ലഭിച്ചത്. സ്ഫോടകവസ്തു ഒരു സിഗരറ്റ് പാക്കറ്റിനുള്ളിൽ വച്ചിട്ടുണ്ടെന്നും എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്നുമായിരുന്നു ഭീഷണി. പൊലീസ്, ബോംബ് നിർവീര്യമാക്കൽ സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ഫയർ ബ്രിഗേഡ് എന്നിവർ ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

സൂറത്ത് സ്കൂളിലും

അഹമ്മദാബാദ് വിമാനത്താവളത്തിലെ ബോംബ് ഭീഷ്ണിയ്ക്ക് പിന്നാലെ ഇന്നലെ സൂറത്തിലും രണ്ട് സ്കൂളുകൾക്ക് നേരെ ഭീഷണി സന്ദേശമെത്തി. സൂറത്ത് പൊലീസ് സ്റ്റേഷനിലാണ് ഇ-മെയിൽ എത്തിയത്. ഇ-മെയിൽ പ്രകാരം സിറ്റിയിലെ ജി.ഡി ഗോയങ്ക സ്കൂളിലും ലാൻസേഴ്സ് ആർമി സ്കൂളിലും ബോംബ് വച്ചിട്ടുണ്ടെന്നാണ് സന്ദേശം. സംഭവത്തെ തുടർന്ന് സ്ഥലത്ത് പൊലീസും അഗ്നിശമന സേനയും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തെ തുടർന്ന് ഇരു സ്കൂളുകൾക്കും ഇന്നലെ അവധി നൽകി.