ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് കളമൊരുങ്ങി;എൻ.ഡി.എ ജയിക്കും

Wednesday 23 July 2025 1:15 AM IST

ന്യൂഡൽഹി: ജഗ്‌ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിയെ തുടർന്ന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് കളമൊരുങ്ങി. രണ്ട് സഭകളിലുമായി സുരക്ഷിതമായ ഭൂരിപക്ഷമുള്ളതിനാൽ എൻ.ഡി.എയ്‌ക്കും കേന്ദ്രസർക്കാരിനും ആശങ്കയില്ല.ഉപരാഷ്ട്രപതി സ്ഥാനത്ത് ഒഴിവു വന്നാൽ ആറ് മാസത്തിനകം നികത്തണമെന്ന് ഭരണഘടന നിർദേശിക്കുന്നുണ്ട്. സെപ്‌തംബർ 19നകം തിരഞ്ഞെടുപ്പ് നടപടി പൂർത്തിയാകും വിധം നടപടികൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ തുടക്കം കുറിക്കും. ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കും വോട്ടവകാശമുണ്ട്. രണ്ട് സഭകളിലുമായി 786 അംഗങ്ങളാണ് നിലവിലുള്ളത്. ലോക്‌സഭയിൽ ഒന്നും (പശ്ചിമബംഗാളിലെ ബസിർഹട്ട്) രാജ്യസഭയിൽ അഞ്ചും (ജമ്മു കശ്മീർ-4, പഞ്ചാബ് -1) സീറ്റുകൾ ഒഴിവുണ്ട്. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജയിക്കാൻ 394 വോട്ടുകൾ നേടണം.

എൻ.ഡി.എയ്‌ക്ക് 542 അംഗ ലോക്‌സഭയിൽ 293 എം.പിമാരുടെയും 240 അംഗ രാജ്യസഭയിൽ 129 പേരുടെയും പിന്തുണയുണ്ട്. ഇരുസഭകളിലുമായി 422 വോട്ടുകൾ എൻ.ഡി.എയ്ക്ക് ലഭിക്കും.

പുതിയ ഉപരാഷ്ട്രപതി വരുന്നതുവരെ ഉപാദ്ധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗ് ആയിരിക്കും രാജ്യസഭ നിയന്ത്രിക്കുക. ഉപരാഷ്ട്രപതിയുടെ മറ്റ് അധികാരങ്ങളൊന്നും ഉപാദ്ധ്യക്ഷന് ഉണ്ടായിരിക്കില്ല.