അച്ഛന്റെ ജോലി ലഭിച്ചതിനെച്ചൊല്ലി തർക്കം; അനുജനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു
കൊല്ലം: മരണമടഞ്ഞ പിതാവിന്റെ ജോലി ലഭിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ അനുജനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു. കരിക്കോട് ഐശ്വര്യ നഗർ ജിഞ്ചുഭവനിൽ റോയി എന്ന് വിളിക്കുന്ന ലിഞ്ചു (35) ആണ് മരിച്ചത്. സഹോദരൻ ജിഞ്ചുവാണ് കുത്തിയത്. ഇന്നലെ രാത്രി 9.45ആയിരുന്നു സംഭവം. നിരവധി കേസുകളിലെ പ്രതിയാണ് മരിച്ച ലിഞ്ചു. മദ്യപിച്ചെത്തുന്ന സഹോദരങ്ങൾ തമമിൽ എപ്പോഴും വഴക്ക് ഉണ്ടാകാറുണ്ട്. ചൊവ്വാഴ്ച രാത്രിയും വീടിന് മുന്നിൽ വച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായി.
ഇതിനിടെ ജിഞ്ചു കെെയിൽ കിട്ടിയ കത്തികൊണ്ട് ലിഞ്ചുവിനെ കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംസ്ഥാന വെയർഹൗസിംഗ് കോർപ്പറേഷന് കീഴിൽ കരിക്കോട്ട് പ്രവർത്തിക്കുന്ന വെയർഹൗസിലെ ലോഡിംഗ് തൊഴിലാളിയായിരുന്നു ഇവരുടെ അച്ഛൻ തങ്കച്ചൻ. അദ്ദേഹത്തിന്റെ മരണശേഷം മൂത്തമകനായ ജിഞ്ചു ഈ ജോലിക്ക് കയറി. ഇതിൽ പ്രകോപിതനായ ലിഞ്ചു ജോലി തനിക്കു വേണമെന്നാവശ്യപ്പെട്ട് കുറച്ചുനാളായി വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.