മോഹൻലാലിനും കുടുംബത്തിനും കൗൺസിലർ തന്നെ പലഹാരം ഉണ്ടാക്കിക്കൊടുക്കണം, നേരിട്ടുവിളിച്ച് സുചിത്ര

Wednesday 23 July 2025 10:40 AM IST

കൊച്ചി: കൂത്താട്ടുകുളം നഗര സഭ കൗൺസിലർ ലിസിയുടെ കൈപ്പുണ്യം ഒടുവിൽ സൂപ്പർസ്റ്റാറിലേക്കുമെത്തി. നടൻ മോഹൻലാലിന്റെ കുടുംബം പലഹാരം വാങ്ങാൻ എത്തിയതോടെയാണ് നാട്ടുകാർ സ്നേഹത്തോടെ ലിസിചേച്ചിയെന്ന് വിളിക്കുന്ന കൗൺസിലർ ലിസി സ്റ്റാർ ആയത്. കൂത്താട്ടുകുളം നഗരസഭയിലെ മൂന്നാം ഡിവിഷൻ മഞ്ചേരിക്കുന്നിലെ കൗൺസിലറാണ് കിഴകൊമ്പ് വളപ്പിലെ കൊച്ചുവിരുപ്പിൽ ലിസി ജോസ്. കഴിഞ്ഞ് അഞ്ച് വർഷമായി തന്റെ അമ്മയിൽ നിന്ന് പകർന്ന് കിട്ടിയ കൈപുണ്യം സൂപ്പർ സ്റ്റാറിലേക്കും എത്തിയതിന്റെ സന്തോഷത്തിലാണ് ഇവർ.

പരമ്പരാഗത ശൈലിയിൽ തനി നാടൻ രീതിയിൽ വെളിച്ചെണ്ണയിൽ തയ്യാറാക്കുന്ന അച്ചപ്പവും, കുഴലപ്പവും, അരിനുറുക്കും, ഏത്തക്ക ഉപ്പേരിയും അരിയുണ്ടയുമെല്ലാമാണ് ലിസി വിൽക്കുന്നത്. കോട്ടയത്തെ ബന്ധുവീട്ടിൽ വെച്ച് നടൻ മോഹൻലാലിന്റെ ഭാര്യ സുചിത്ര ഈ പലഹാരങ്ങളുടെ രുചി അറിഞ്ഞു. തുടർന്ന് സുചിത്ര നേരിട്ട് വിളിച്ച് പലഹാരങ്ങൾക്ക് ഓർഡർ നൽകുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി ഇവിടെ നിന്നാണ് സൂപ്പർസ്റ്റാർ മോഹൻലാലിന്റെ കുടുംബം സ്ഥിരമായി പലഹാരങ്ങൾ വാങ്ങുന്നത്.

കൗൺസിലർ ആകുന്നതിന് മുമ്പ് നേരം പോക്കിന് വേണ്ടി അമ്മ സാറാമ്മ പഠിപ്പിച്ചു തന്ന പലഹാര പൊടിക്കൈകൾ പരീക്ഷിച്ച് നോക്കിയതാണ്. സംഗതി നന്നായെന്ന് അഭിപ്രായം വന്നതോടെ വിദേശങ്ങളിലേക്കും മറ്റും പോകുന്നവർ ഇവിടെ വന്ന് പലഹാരത്തിന് ഓർഡർ നൽകിത്തുടങ്ങി. ഓർഡർ അനുസരിച്ച് പലഹാരങ്ങൾ ഉണ്ടാക്കി നൽകി. അതിനിടെയാണ് കൺസിലറായി മത്സരിച്ച് വിജയിച്ചത്. ഇതിന്റെ തിരക്കുണ്ടെങ്കിലും പലഹാരം നിർമ്മിക്കാൻ ഒരു സഹായിയേയും കൂട്ടി ചെറിയൊരു യൂണിറ്റ് തന്നെ തുടങ്ങി. ഭർത്താവ് ജോസ് കൂത്താട്ടുകുളം ടൗണിൽ സൈൻ ബോർഡുകളുടെ നിർമ്മാണ കേന്ദ്രം നടത്തുകയാണ്. മക്കളായ അരുണും ആൽഫയും വിദേശത്താണ്.