ബലി കഴിഞ്ഞയുടൻ ഭക്ഷണവും വെള്ളവും കുടിക്കാറുണ്ടോ? ശരിയായ രീതി ഇതാണ്

Wednesday 23 July 2025 12:02 PM IST

പിതൃക്കളുടെ മോക്ഷപ്രാപ്‌തിയ്‌ക്കായും അവരുടെ ‌സ്‌നേഹ സ്‌മരണ പുതുക്കാനും മലയാളികൾ ബലിതർപ്പണം നടത്തുന്നതാണ് കർക്കടക വാവുബലി. കർക്കടക മാസത്തിലെ കറുത്തവാവ് ദിവസമാണ് നമ്മൾ ബലിയർപ്പിക്കുന്നത്. ഈ വർഷത്തെ വാവുബലി നാളെയാണ് (24/7/25). സൂര്യനുദിക്കും മുൻപാണ് സാധാരണയായി ബലിതർപ്പണം ആരംഭിക്കുക. മാത്രമല്ല, ബലിയിടുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതെന്തെല്ലാമെന്ന് നോക്കാം. ഇതുമാത്രമല്ല, ബലിയിടുന്ന സമയത്തും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങളും അറിഞ്ഞിരിക്കൂ.

ബലിതർപ്പണത്തിലെ ആചാരം

മൺമറഞ്ഞുപോയ നമ്മുടെ പൂർവികർക്ക് ബന്ധുക്കളാരെങ്കിലും ഭക്തിയോടെ അന്നവും പൂജയും നടത്തുന്നതാണ് ക‌ർക്കടക വാവ്‌ബലി. സാധാരണ മിക്കവരും മാതാപിതാക്കളുടെ ആത്മശാന്തിക്കായാണ് ഇത് ആചരിക്കുന്നത്. ബലിതർപ്പണത്തിന് 24 മണിക്കൂർ മുൻപ് മുതൽ തന്നെ നി‌ർബന്ധമായും മനസും ശരീരവും അവരുടെ പ്രവൃത്തികളും ശുദ്ധമായിരിക്കണം. ഒരിക്കൽ എന്നാണ് ഈ വ്രതത്തെ പറയാറ്. മത്സ്യമാംസാദികൾ,​ മദ്യം,​ പഴകിയതും ചൂടാറിയതുമായ ഭക്ഷണം എന്നിവ വർ‌ജിക്കണം. തർപ്പണം ആരംഭിച്ചാൽ പിന്നെ കഴിയുന്നത് വരെ ഭക്ഷണമോ വെള്ളംകുടിക്കാനോ പാടില്ല. ബലിയിട്ട ശേഷം ക്ഷേത്രത്തിൽ കയറി പ്രാർത്ഥിക്കണം. ഇത് കഴിഞ്ഞാൽ നിങ്ങൾക്ക് ഏത് ഭക്ഷണവും കഴിക്കാവുന്നതാണ്.

പണ്ടുകാലങ്ങളിൽ കൂടുതലും പുരുഷന്മാർ മാത്രം ബലിയർപ്പിച്ചിരുന്നെങ്കിൽ ഇപ്പോൾ സ്‌ത്രീകളും ബലിയർപ്പിക്കാറുണ്ട്. എന്നാൽ ആർത്തവദിനങ്ങളിൽ സ്‌ത്രീകൾ ബലിയർപ്പിക്കരുതെന്നാണ് ആചാരങ്ങളിൽ പറയുന്നത്.