'മഹാരാജാസിൽ പേര് മാറ്റി പഠിച്ചു, ആ കള്ളത്തിൽ മമ്മൂട്ടി ഒരുപാട് സന്തോഷിച്ചു; ഒടുവിൽ സഹപാഠി എല്ലാം പൊളിച്ചു'

Wednesday 23 July 2025 12:58 PM IST

മലയാള സിനിമയുടെ മെഗാ സ്റ്റാർ. ഈ ഒരു വിശേഷണം മാത്രം മതി ആള് മമ്മൂട്ടിയാണെന്ന് തിരിച്ചറിയാൻ. പ്രായത്തെപ്പോലും തോൽപ്പിക്കുന്ന ലുക്കിലാണ് താരം ഇപ്പോൾ ആരാധകരെ ഞെട്ടിക്കുന്നത്. പാണപ്പറമ്പിൽ ഇസ്മായിൽ മുഹമ്മദ് കുട്ടി അഥവാ പിഎ മുഹമ്മദ് കുട്ടി എന്നായിരുന്നു മമ്മൂട്ടിയുടെ മുഴുവൻ പേര്. എന്നാൽ ഈ പേര് തന്റെ കോളേജ് പഠനകാലത്തായിരുന്നു മമ്മൂട്ടി സ്വീകരിച്ചത്. ഇതേക്കുറിച്ച് മമ്മൂട്ടി പലവേദികളിലും പറഞ്ഞിട്ടുണ്ട്.

എന്നാൽ മമ്മൂട്ടിയുടെ പേരിന് പിന്നിൽ മറ്റൊരുകഥ കൂടിയുണ്ട്. ഇപ്പോഴിതാ അതേക്കുറിച്ച് തുറന്നുപറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. മഹാരാജാസ് കോളേജിൽ പഠിക്കുമ്പോൾ മമ്മൂട്ടി മറ്റൊരു പേരായിരുന്നു സഹപാഠികളോട് പറഞ്ഞത്. ഒരിക്കൽ ആ കള്ളം സഹപാഠി കണ്ടുപിടിച്ചെന്നും അതിന് ശേഷമാണ് മമ്മൂട്ടിയെന്ന പേര് സ്വീകരിച്ചതെന്നും ശാന്തിവിള ദിനേശ് പറയുന്നു

ശാന്തിവിള ദിനേശിന്റെ വാക്കുകളിലേക്ക്.. 'മമ്മൂട്ടിയുടെ പഠനകാലത്ത് ഒന്നിച്ചുപഠിച്ച ആരോടെങ്കിലും ഒമർ ഷെരീഫിനെ ഓർമ്മയുണ്ടോ എന്ന് തിരക്കിയാൽ അവർ ചിരിക്കും. പിന്നെ സ്വകാര്യമായി പറയും, അത് നമ്മുടെ മമ്മൂട്ടിയുടെ പേരാണെന്ന്. മഹാരാജാസിൽ കൂടെ പഠിച്ചവർ ഒമറെന്നും ഷെരീഫെന്നും കുറേക്കാലം മമ്മൂക്കയെ വിളിച്ചിരുന്നു. ഈജിപ്ഷ്യൻ നടനായ ഒമർഷെരീഫിനെ ഓർത്തുകൊണ്ട്, കേരളത്തിലെ ഒമർ ഷെരീഫാകുമെന്ന് മമ്മൂട്ടി അന്ന് നിശ്ചയിച്ചിരുന്നു. അതിൽ അദ്ദേഹം ഒരുപാട് സന്തോഷം കണ്ടിരുന്നു.

വീട്ടുകാരിട്ട പേര് മുക്കിയിട്ട്, ഒമർ ഷെരീഫ് എന്ന പേരിട്ട് അദ്ദേഹം ഒരുപാട് സന്തോഷം കണ്ടെത്തിയിരുന്നു. യാദൃശ്ചികമായി ഒരുനാൾ എല്ലാം പൊളിഞ്ഞു. കയ്യിലുള്ള പുസ്തകത്തിൽ നിന്നും കോളേജിലെ തിരിച്ചറിയൽ കാർഡ് നിലത്തുവീണു. അത് കണ്ടെടുത്ത കുരുത്തംകെട്ട ഒരു സഹപാഠി ശശിധരൻ തിരിച്ചറിയൽ കാർഡിലെ പേര് കണ്ട് അലറി. എടാ...കള്ളാ നിന്റെ പേര് മമ്മൂട്ടി എന്നാണോ? കള്ളപ്പേരിൽ നടക്കുന്നോടോ..നീ മമ്മൂട്ടി അല്ലേടാ ഒമർ ഷെരീഫേ. നീ എന്തിന് കള്ളം പറഞ്ഞു എന്ന് ചോദിച്ചു. ഇന്ത്യയിലെ മഹാനടനെ ആദ്യമായി മമ്മൂട്ടി എന്ന പേര് വിളിച്ച ക്രെഡിറ്റ് ഈ പറഞ്ഞ ശശിധരനാണ്. ആ നാവ് പൊന്നായിരിക്കണം.

അതോടെ മഹാരാജാസിലെ കുരുത്തംകെട്ട ഒരു ടീമുണ്ടായിരുന്നു. ആ ടീമിന്റെ ലീഡറുടെ പേര് മമ്മൂട്ടി എന്നായി. ആ പേര് ലോകം മുഴുവനും ബഹുമാനത്തോടെ വിളിക്കുന്ന പേരായി. 74ാം വയസിലും ആ പ്രശസ്തി അങ്ങനെ തന്നെ കുതിച്ചുയർന്നിരിക്കുന്നു. കാരണം മമ്മൂട്ടി എന്ന് പറഞ്ഞാൽ പിന്നെ കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ.