അഹമ്മദാബാദ് വിമാനദുരന്തം; കൈമാറിയ ശവപ്പെട്ടിക്കുള്ളിൽ വ്യത്യസ്‌ത മൃതദേഹഭാഗങ്ങൾ; പരാതിയുമായി ബ്രിട്ടീഷ് പൗരന്മാരുടെ ബന്ധുക്കൾ

Wednesday 23 July 2025 3:09 PM IST

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ മാറി നൽകിയതായി പരാതി. രണ്ടുപേരുടെ കുടുംബാംഗങ്ങളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മൃതദേഹം മാറിയതിനാൽ ഒരു കുടുംബം സംസ്‌കാര ചടങ്ങ് മാറ്റിവച്ചുവെന്നാണ് വിവരം. ഒരു കുടുംബത്തിന് കൈമാറിയ ശവപ്പെട്ടിക്കുള്ളിൽ വ്യത്യസ്‌ത മൃതദേഹങ്ങളുടെ ഭാഗങ്ങളാണെന്നും പരാതി ഉയരുന്നുണ്ട്.

ഇന്ത്യയിൽ നിന്നയച്ച മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന ലണ്ടനിൽ നടത്തിയപ്പോഴാണ് മൃതദേഹം മാറിയെന്ന വിവരം തിരിച്ചറിഞ്ഞതെന്നും ഒരു വിദേശ മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം സന്ദർശിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇക്കാര്യം ഉന്നയിച്ചേക്കുമെന്നാണ് വിവരം. 52 ബ്രിട്ടീഷ് പൗരന്മാരും, ഏഴ് പോർച്ചുഗീസ് പൗരന്മാരും, ഒരു കനേഡിയനും ഉൾപ്പെടെ 270പേരാണ് വിമാനാപകടത്തിൽ മരിച്ചത്.