എന്തെളുപ്പത്തിൽ പോയിവരാം, വെറും 5000 രൂപയ്ക്ക് ഇന്ത്യൻ ട്രിപ്പ് പ്ലാൻ ചെയ്യാം
യാത്രകൾ പോകാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല. പല കാരണങ്ങൾ കൊണ്ട് നമ്മൾ യാത്ര ചെയ്യാമെന്ന തീരുമാനം മാറ്റിവയ്ക്കുകയാണ് പതിവ്. പണം, സമയം, സ്ഥലങ്ങളെക്കുറിച്ച് വ്യക്തമായ അറിവില്ലായ്മ എന്നിവയൊക്കെ ചില കാരണങ്ങളാണ്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുകൊണ്ട് ബഡ്ജറ്റ് സൗഹൃദ യാത്ര നടത്തിയാലോ? ഇന്ത്യയിലാണ് നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ വെറും 5000 രൂപയ്ക്ക് പോയി വരാവുന്ന ചില സുന്ദരമായ സ്ഥലങ്ങൾ പരിചയപ്പെടാം.
1. ജയ്പൂർ ജയ്പൂരിലെത്തുന്നവർക്ക് കുറഞ്ഞ പ്രവേശ ഫീസ് നൽകി ആഡംബര ഫോർട്ട്, സിറ്റി പാലസ്,ഹവാ മഹൽ എന്നീ സ്ഥലങ്ങൾ സന്ദർശിക്കാം. മിതമായ നിരക്കിൽ ഭക്ഷണവും ലഭ്യമാണ്. ബഡ്ജറ്റ് ഗസ്റ്റ് ഹൗസുകളിലും ഒരു ദിവസം താമസിക്കാൻ കുറഞ്ഞത് 500 രൂപ മാത്രമാണ് ചെലവാകുന്നത്. ആകെ ചെലവ് 3000 രൂപ മുതൽ 4000 രൂപയായിരിക്കും. പൊതുഗതാഗതമാർഗങ്ങളാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ ചെലവ് വീണ്ടും കുറയ്ക്കാൻ സാധിക്കും.
2. വരാണാസി ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നാണ് വാരണാസി അറിയപ്പെടുന്നത്. ആത്മീയപരമായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സ്ഥലമാണ് വരാണാസി. ഇവിടെ എത്തുന്നവർക്ക് ഗംഗാ ആരതി ചടങ്ങുകളിൽ ഭാഗമാകാനും പുണ്യ നദിയായ ഗംഗയിലൂടെ ബോട്ട് യാത്ര നടത്താനും പുണ്യ ക്ഷേത്രങ്ങൾ സന്ദർശിക്കാനും അവസരമുണ്ട്. ഇവിടെ ഒരു ദിവസം താമസിക്കുന്നതിന് വെറും 800 രൂപയാണ് സാധാരണ ചെലവാകാറുളളത്. യാത്ര ചെയ്ത് മടങ്ങാൻ 3000 രൂപ മുതൽ 4000 രൂപ വരെ ചെലവാകും.
3. പോണ്ടിച്ചേരി ഫ്രഞ്ച് കൊളോണിയൽ വാസ്തുവിദ്യയ്ക്കും മനോഹര ബീച്ചുകൾക്കും പേരുകേട്ടതാണ് പോണ്ടിച്ചേരി. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ഫ്രഞ്ച് ക്വാർട്ടറിലോ ഓറോവില്ലില്ലോ ബഡ്ജറ്റ് ഗസ്റ്റ് ഹൗസുകളിലോ താമസിക്കാം. വെറും 800 രൂപയാണ് ഇവിടത്തെ മുറികളിലെ വാടക. മിതമായ നിരക്കിൽ ഫ്രഞ്ച് വിഭവങ്ങൾ കഴിക്കാനും പോണ്ടിച്ചേരിയിൽ അവസരമുണ്ട്. ഭക്ഷണം, യാത്ര എന്നിവ ഉൾപ്പടെ ചെലവ് 4000 മുതൽ 5000 രൂപ വരെ ചെലവാകും.
4. ഹംപി യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട സ്ഥലമാണ് ഹംപി. നിരവധി പുരാതന ക്ഷേത്രങ്ങൾ ഉളള ചരിത്രപ്രാധാന്യമുളള സ്ഥലമാണിത്. ഇവിടെ എത്തുന്നവർക്ക് ചരിത്രപരമായി കൂടുതൽ വിവരങ്ങൾ മനസിലാക്കാൻ സാധിക്കും. സഞ്ചാരികൾക്ക് ബഡ്ജറ്റ് ഗസ്റ്റ് ഹൗസുകളിലോ ഹോം സ്റ്റേകളിലോ താമസിക്കാം. ഇവിടങ്ങളിൽ ഒരു ദിവസം താമസിക്കാൻ 500 രൂപ മുതൽ 1000 രൂപ വരെ ചെലവാകും. ഭക്ഷണം, യാത്ര എന്നിവ ഉൾപ്പടെ ചെലവ് 3000 മുതൽ 5000 രൂപ വരെയാകും.
5. ഗോവ വിദേശസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ് ഗോവ. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നും അവധിക്കാലം ചെലവഴിക്കുന്നതിനായി പ്രതിവർഷം ആയിരക്കണക്കിനാളുകളാണ് ഗോവയിലേക്കെത്തുന്നത്. ബീച്ചുകളും നൈറ്റ് ലൈഫുമാണ് ഗോവയെ ആകർഷകമാക്കുന്നത്. ഇവിടങ്ങളിൽ താമസിക്കുന്നവർക്ക് പ്രത്യേക തരത്തിലുളള ബഡ്ജറ്റ് ഗസ്റ്റ്ഹൗസുകളും ബീച്ച് ഹട്ടുകളും ഉണ്ട്. ഇവിടെ താമസിക്കുന്നതിന് 800 മുതൽ 1500 രൂപ വരെ ചെലവാകും. വെറും 300 രൂപ കൊടുത്താൽ ഗോവയിലുടനീളം സഞ്ചരിക്കാനുളള വാഹനങ്ങളും സഞ്ചാരികൾക്ക് വാടകയ്ക്ക് ലഭിക്കും.