ഹൃദയത്തിനും കണ്ണിനും അത്യുത്തമം,​ ഈ പഴം കഴിച്ചാൽ ആരോഗ്യം ഇരട്ടിക്കുമെന്ന് വിദഗ്ദർ

Wednesday 23 July 2025 4:07 PM IST

വാഴപ്പഴങ്ങൾ പലതരത്തിലുണ്ട്. നിറത്തിലും രൂപത്തിലും രുചിയിലും ഇവ വേറിട്ട് നിൽക്കുന്നു. നേന്ത്രപ്പഴവും റോബസ്​റ്റയുമെല്ലാം നിത്യജീവിതത്തിൽ കഴിക്കാനായി ഉപയോഗിക്കുമെങ്കിലും ആരോഗ്യഗുണങ്ങളിൽ അവയേക്കാളും മുന്നിട്ട് നിൽക്കുന്നതാണ് ചെങ്കദളിപ്പഴം അല്ലെങ്കിൽ കപ്പപ്പഴം. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് കപ്പപ്പഴം ഏറെ ഗുണം ചെയ്യും.

ഈ പഴത്തിലടങ്ങിയിരിക്കുന്ന നാരുകൾ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒരു പരിധി വരെ കുറയ്ക്കാനും സഹായിക്കും. മറ്റുളള പഴങ്ങളെ അപേക്ഷിച്ച് കലോറിയും കുറവാണ്. ചെങ്കദളിപ്പഴത്തിൽ വിറ്റാമിന്‍ സി, ബി 6, നാരുകൾ, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.

ഇതിൽ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. ചെങ്കദളിപ്പഴം കഴിക്കുന്നത് ചർമത്തിന്റെ ആരോഗ്യവും കണ്ണുകളുടെ ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കും. ചെങ്കദളിപ്പഴത്തിൽ വിറ്റാമിന്‍ ബി 6 ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ സെറോടോണിന്‍ ഉത്പാദനത്തിന് സഹായിക്കുന്നു. അതിനാല്‍ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഈ പഴം കഴിക്കുന്നത് ഗുണം ചെയ്യും. ചെങ്കദളിപ്പഴം ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യുമെന്നാണ് വിദഗ്ദർ പറയുന്നത്.

മ​റ്റ് ഗുണങ്ങൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ദഹനപ്രക്രിയ എളുപ്പത്തിലാക്കും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.