വടക്ക് വശത്തേക്ക് ദർശനമുള്ള വീട്ടിൽ താമസിക്കുന്നത് ഉചിതമാണോ?​ ആചാര്യന്മാർ നിർദ്ദേശിക്കുന്നതിങ്ങനെ

Wednesday 23 July 2025 4:34 PM IST

ഓരോ വീടും നമ്മുടെ അദ്ധ്വാനത്തിന്റെയും സ്വപ്‌നത്തിന്റെയും ഫലമാണ്. നാലുചുമരിനുള്ളിൽ സമാധാനത്തോടെ കഴിയാൻ സ്വപ്‌നം കാണാത്തവരായി ആരുമുണ്ടാകില്ല. ഓരോ വീടിനുള്ളിലും സന്തോഷത്തോടെ താമസിക്കാൻ വേണ്ട കാര്യങ്ങളെക്കുറിച്ച് വാസ്‌തു ശാസ്‌ത്രം നിർദ്ദേശിക്കുന്നുണ്ട്. വീടിനെക്കുറിച്ചും അതിനുള്ളിൽ ഉപയോഗിക്കുന്ന വസ്‌തുക്കളെക്കുറിച്ചും അവയുടെ ദിശകളെക്കുറിച്ചും എന്നുമാത്രമല്ല വീടിരിക്കുന്ന ഭൂമിയെക്കുറിച്ചുവരെ വാസ്‌തുശാസ്‌ത്രത്തിൽ പറയുന്നുണ്ട്.

ഒരു വീടിന്റെ മുൻഭാഗം ഏത് ദിക്കിനെ അഭിമുഖീകരിച്ചാകണം എന്ന് വാസ്‌തു ആചാര്യന്മാർ നിഷ്‌കർഷിക്കുന്നുണ്ട്. കിഴക്ക് അല്ലെങ്കിൽ വടക്ക് വശം ദർശനമുള്ള വീടാണ് അഭികാമ്യം. തെക്കുവശത്തേക്കോ പടിഞ്ഞാറ് വശത്തേക്കോ അഭിമുഖമായി വീട് വരുന്നതിലും നല്ലത് ഈ രണ്ട് ദിശകളാണ്.

വീട് നിർമ്മിക്കുന്നതിന് സ്ഥലം വാങ്ങാൻ ആഗ്രഹിക്കുന്നവരും ചിലത് അറിയേണ്ടതുണ്ട്. വീട് പണിയാൻ ചതുരാകൃതിയിലോ ദീർഘ ചതുരാകൃതിയിലോ ആകണം ഭൂമി വേണ്ടത്. ഭൂമി തുല്യമായ നീളവും വീതിയോടെയുമുള്ളതായാലാണ് അവിടെ നിർമ്മിക്കുന്ന വീട്ടിലുള്ളവർക്ക് സന്തോഷമുണ്ടാകുക.

വീട്ടിനുള്ളിൽ കറുപ്പ് പോലെ കടുംനിറങ്ങൾ ഉപയോഗിക്കാതെയിരിക്കാനും ശ്രദ്ധ വേണം. ചുമരുകൾ,​ തറ,​ മേശ പോലെ വസ്‌തുക്കൾ എന്നിവയിൽ കണ്ണിന് ഇമ്പം നൽകുന്ന മഞ്ഞ പോലെയുള്ള നിറം നൽകണം. വീട്ടിനുള്ളിൽ പോസിറ്റീവ് എനർജി തങ്ങിനിൽക്കുന്നത് തന്നെയാകണം ഏത് തരം ക്രമീകരണവും.