ജനഗണമനയുമായി അമേരിക്കൻ സൈന്യം,​ വൈറലായി വീഡിയോ

Thursday 19 September 2019 1:03 PM IST

വാഷിംഗ്ടൺ:​ ദേശീയഗാനം കേൾക്കുമ്പോഴെല്ലാം ഇന്ത്യക്കാരനെന്ന നിലയിൽ ഒരു പ്രത്യേക ദേശീയ വികാരമാണ് നമുക്ക് ലഭിക്കുന്നത്. എന്നാൽ നമ്മുടെ ദേശീയ ഗാനം അമേരിക്കൻ സൈനികരുടെ ബാൻഡ് വായിച്ചാലോ നമ്മളിൽ ഇരട്ടി സന്തോഷമാണ് ഉണ്ടാവുകയെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

വാഷിംഗ്ടണിൽ സംഘടിപ്പിച്ച ഇന്ത്യയും അമേരിക്കയും ചേർന്നുള്ള സംയുക്ത സൈനിക അഭ്യാസത്തിന്റെ (യുദ്ധ് അഭ്യസ് 2019) സമാപന ദിവസമാണ് അമേരിക്കൻ സൈന്യം ജനഗണമന വായിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഭ്യാസം ആരംഭിച്ചത്. ഇന്ത്യൻ വംശജനായ റൺബീർ കൗർ എന്ന അമേരിക്കൻ സൈനികനും ഇതിൽ പങ്കെടുത്തിരുന്നു.

"ഞാൻ കാലിഫോർണിയയിൽ നിന്നുള്ള 223-ാമത് എംഐ ബറ്റാലിയന്റെ ഭാഗമാണ്. ഇന്ത്യയിലാണ് ജനിച്ചതെങ്കിലും 1993 മുതൽ യുഎസിലാണ് വളർന്നത്. 2003 മുതൽ ഞാൻ യു.എസ് സൈന്യത്തിന്റെ ഭാഗമാണ്. നിലവിൽ, ഞാൻ YA 19 ന്റെ സമാപന ചടങ്ങിൽ പങ്കെടുത്തിരുന്നു(യുദ്ധ് അഭ്യാസ് 2019). ഇന്ത്യൻ സൈനികർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് മികച്ച അനുഭവമായിരുന്നു. അവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു, അവരുമായി വീണ്ടും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു'- കൗർ പറഞ്ഞു.