കൊലവിളിയുമായി സ്വകാര്യ ബസുകൾ നടപടിയെടുത്തേ പറ്റൂ....

Thursday 24 July 2025 3:53 AM IST

നിയമങ്ങളെ വെല്ലുവിളിച്ച് സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിരത്തുകളിൽ ചോര തെറിപ്പിക്കുന്നത് നിത്യസംഭവമായിട്ടും ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയില്ല. റോഡ് നിയമങ്ങൾ പാലിച്ച് സുരക്ഷിതമായി പോകുന്ന ചെറുവാഹന യാത്രികരുടെയും ബസിലെ യാത്രക്കാരുടെയും ജീവന് പുല്ലുവില കൽപ്പിച്ചാണ് സമയത്തിന്റെ പേരും പറഞ്ഞുള്ള മരണപ്പാച്ചിൽ. അമിതവേഗവും അശ്രദ്ധയും മൂലമുള്ള അപകടങ്ങൾ നിത്യസംഭവമാകുമ്പോഴും ഞങ്ങൾക്ക് സമയമില്ല വേഗത കുറയ്ക്കില്ലെന്ന ധാർഷ്ഠ്യത്തോടെയാണ് ചില ജീവനക്കാർ ഇപ്പോഴും വളയം പിടിക്കുന്നത്. കാതടപ്പിക്കുന്ന ഹോൺ മുഴക്കി ഇടതുവശത്തിലൂടെ ഓവർടേക്ക് ചെയ്യുന്നതും ജില്ലയിലെ പതിവുകാഴ്ചയാണ്. അമിതവേഗത്തിൽ സഞ്ചരിക്കുമ്പോഴും വാതിലുകൾ തുറന്നിടുക, മറ്രു വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണി സൃഷ്ടിച്ചുള്ള സർവ്വീസ് നടത്തുക തുടങ്ങി ന​ഗ്ന​മാ​യ നി​യ​മ​ലംഘനങ്ങൾ സ്വകാര്യ ബ​സു​ക​ളിൽ നടത്തുമ്പോഴും ഇവർക്ക് മൂക്കുകയറിടേണ്ട മോട്ടോർ വാഹനവകുപ്പും സർക്കാരും നിശബ്ദരായി തന്നെ തുടരുന്നു എന്നതും പ്രതിഷേധാർഹമാണ്. അപകടം സംഭവിക്കുമ്പോൾ മാത്രം ഉണർന്ന് പ്രവർത്തിക്കുന്ന അധികൃതർ അതിനുശേഷം പെട്ടിയും പൂട്ടിക്കെട്ടി സ്ഥലം വിടുകയാണെന്നാണ് കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ മത്സരിച്ചോടിയ ബസിടിച്ച് വിദ്യാർത്ഥി മരിച്ച സം​ഭ​വത്തിലൂടെ വ്യ​ക്ത​മാകു​ന്നത്. സ്വകാര്യ ബസുകളുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് യാത്രക്കാരും ദൃക്സാക്ഷികളും പറയുന്നു.

പേരാമ്പ്ര ബസ് അപകടം

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് പേരാമ്പ്ര കക്കാട് ബസ് സ്റ്റോപ്പിനു മുൻപിൽ സ്കൂട്ടർ യാത്രികനായ പത്തൊമ്പതുകാരൻ അബ്ദുൽ ജവാദ് ബസിടിച്ച് മരിച്ചത്. മറ്റൊരു ബസുമായി മത്സരിച്ചെത്തിയ സ്വകാര്യ ബസ് സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയും മറിഞ്ഞുവീണ യുവാവിന്റെ തലയിലൂടെ ബസിന്റെ ടയർ കയറുകയുമായിരുന്നു. ജവാദിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാലിക്കര റീജ്യണൽ സെന്ററിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു മരിച്ച ജവാദ്. സംഭവത്തെത്തുടർന്ന് പ്രതിഷേധ പരമ്പരയാണ് പിന്നീട് പേരാമ്പ്രയിലുണ്ടായത്. നാട്ടുകാരുടേയും വിവിധ രാഷ്ട്രീയ സംഘടനകളുടേയും നേതൃത്വത്തിൽ പ്രക്ഷോഭവും ബസ് തടയലുമുണ്ടായി. മത്സരിച്ചോടുന്ന ബസുകൾ വേണ്ടെന്നാണ് നാട്ടുകാരുടെ പക്ഷം. സമരക്കാരെ മാറ്റാൻ പൊലീസ് ശ്രമിച്ചതും കെെയാങ്കളിയിൽ കലാശിച്ചു. ഇന്നലെയും പരിസരം സംഘർഷഭരിതമായി. പേരാമ്പ്ര ആർ.ടി.ഒ. സബ് ഓഫിസിലേക്ക് യുവജന സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുണ്ടായി. ബസുകളുടെ മത്സരയോട്ടത്തിൽ നടപടി ആവശ്യപ്പെട്ടാണ് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ഉൾപ്പെടെ യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനിടെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തു.

നാലുമാസത്തിനിടെ മൂന്ന് ജീവൻ

കോഴിക്കോട്-കുറ്റ്യാടി റൂട്ടിലെ സ്വകാര്യബസുകളുടെ മൽസരയോട്ടത്തിൽ നാലുമാസത്തിനിടയിൽ പേരാമ്പ്രയിൽ മാത്രം മൂന്ന് പേരാണ് മരിച്ചത്. എത്രപേരെ ഇടിച്ചുകൊന്നാലും ലൈസൻസ് സസ്പെൻഷനിൽ ശിക്ഷ അവസാനിക്കുന്നതാണ് വീണ്ടും വീണ്ടും അപകടങ്ങളുണ്ടാക്കാൻ ഇത്തരക്കാർക്ക് പ്രേരണയാകുന്നത്. ഉ​ത്ത​ര​വു​ക​ൾ പാ​ലി​ക്കാ​തെ കാ​ത​ട​പ്പി​ക്കു​ന്ന ഹോ​ണും അ​മി​ത ദീ​പാ​ല​ങ്കാ​ര​ങ്ങ​ളു​മാ​യാ​ണ്​ സിറ്റി ബസുകളും ദീർഘദൂര ബസുകളും സർവീസ് നടത്തുന്നത്. ഇവരിൽ പലരും മോട്ടോർ വാഹനവകുപ്പിന്റെ മൂക്കിൻ തുമ്പിലൂടെ വേഗപ്പൂട്ട് അഴിച്ചുകൊണ്ടാണ് അഭ്യാസങ്ങൾ നടത്തുന്നത്. മത്സരയോട്ടം ചോദ്യം ചെയ്താൽ യാത്രക്കാരെ അസഭ്യം പറയുകയും അപമാനിക്കുകയുമാണ് ചില ജീവനക്കാർ ചെയ്യുന്നത്. പരാതിപ്പെട്ടാലോ അപകടത്തിൽപ്പെടുത്താനും ഇക്കൂട്ടർ മടിക്കില്ല. ഡ്രൈ​വ​ർ​മാ​രി​ൽ പ​ല​രും ല​ഹ​രി​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തെ​ന്ന്​ മോ​​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ പല ത​വ​ണ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ വ്യ​ക്ത​മാ​യെ​ങ്കി​ലും ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.

അപകടസാദ്ധ്യത കൂടിയ മേഖലകളിൽ പോലും വേഗത കുറയ്ക്കാതെയാണ് യാത്ര ചെയ്യുന്നത്. ദിനംപ്രതി ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്. ദീർഘ ദൂര ബസുകളാണ് അപകടമുണ്ടാക്കുന്നതിൽ കൂടുതലും. രാത്രി ഏഴ് കഴിഞ്ഞാൽ ചില ദീ‌ർഘ ദൂര ബസുകൾ മിന്നൽ വേഗതയിലാണ് പായുന്നതെന്നും ആക്ഷേപമുണ്ട്. അ പകടവളവുകളിൽ മഴയുള്ള സമയങ്ങളിൽ പോലും ഡ്രെെവർമാർ ശ്രദ്ധ പുലർത്താറില്ല. പലപ്പോഴും ബസ് ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കുതർക്കവും പതിവാണ്.

സമയമില്ലത്രേ !

സർവീസുകൾ തമ്മിലുള്ള സമയവ്യത്യാസം കുറയുന്നതാണ് മത്സര ഓട്ടങ്ങൾക്കും ജീവനക്കാർ തമ്മിലുള്ള സംഘർഷത്തിനും പ്രധാന കാരണമായി ബസ് ജീവനക്കാർ പറയുന്നത്. അപകടമുണ്ടാകുമ്പോൾ സമയമില്ലായിരുന്നു അത് കൊണ്ടാണെന്ന മുടന്തൻ ന്യായവും നിരത്തും. അപകടങ്ങളും ബസ് ജീവനക്കാർ തമ്മിലുള്ള മത്സരയോട്ടവും കുറയ്ക്കാൻ പുതിയ പെർമിറ്റിന്റെ ഇടവേള സിറ്റി ബസുകൾക്ക് അഞ്ച് മിനിറ്റും ദീർഘദൂര ബസുകൾക്ക് പത്തു മിനിറ്റും നൽകണമെന്നായിരുന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദ്ദേശം. എന്നാൽ അതും വെള്ളത്തിൽ വരച്ച വര പോലെയായി. നിലവിൽ കോഴിക്കോട് സിറ്റിയിലോടുന്ന പുതിയ ബസുകളടക്കം രണ്ട് മിനിറ്റ് ഇടവേളയിലാണ് സർവീസ് തുടരുന്നത്. മനുഷ്യജീവന് പോലും വില കൽപ്പിക്കാതെയുള്ള സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് കർശന നടപടിയെടുക്കണമെന്നും പൊലീസ് യഥാസമയങ്ങളിൽ ബസുകളെ നിരീക്ഷിക്കേണ്ടതും അത്യാവശ്യമാണ്. ബസുകൾക്ക് പഞ്ചിംഗ് സംവിധാനം ഏ‌ർപ്പെടുത്തണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.