ഏഴ് ലക്ഷം രൂപ മുടക്കിയാൽ ഏഴുപേർക്ക് സുഖമായിരിക്കാവുന്ന ഈ കാർ സ്വന്തമാകും, അതും മികച്ച സുരക്ഷയോടെ

Wednesday 23 July 2025 6:51 PM IST

രാജ്യത്ത് വാഹനപ്രേമികളിൽ ഏറ്റവുമധികം ഇഷ്‌ടമുള്ള സെഗ്‌മെന്റാണ് സെവൻ സീറ്ററുകളുടേത്. ഈ സെവൻ സീറ്റർ മൾട്ടി പർപസ് വെഹിക്കിളുകളിൽ (എംപിവി) ഏറ്റവും ജനപ്രിയമായത് ടൊയോട്ടയുടെ ഇന്നോവ ഹൈക്രോസാണ്. 25 മുതൽ 40 ലക്ഷം രൂപവരെയാണ് വിവിധ വേരിയന്റുകളുടെ വില. ഇന്നോവ ഹൈക്രോസ് കഴിഞ്ഞാൽ മാരുതിയുടെ എർട്ടിഗ, മഹീന്ദ്രയുടെ എക്‌സ്‌യു‌വി 700, കിയയുടെ കാരൻസ് എന്നിവയൊക്കെ വളരെ ശ്രദ്ധ നേടിയവയാണ്.

ഇക്കൂട്ടത്തിൽ ബഡ്‌ജറ്റ് ഫ്രണ്ട്‌ലി എംപിവികളും പ്രീമിയം റേഞ്ച് എംപിവികളുമുണ്ട്. ബഡ്‌ജറ്റ് ഫ്രണ്ട്ലി എംപിവികളിൽ ആദ്യം വരുന്നത് മാരുതിയുടെ എർട്ടിഗ തന്നെയാണ്. എന്നാൽ അതിനുശേഷം വരുന്നത് റെനോയുടെ ട്രൈബർ എന്ന സെവൻ സീറ്റർ കാറാണ്. വളരെ സ്‌പേസുള്ളതും ഫോർ സ്റ്റാർ സുരക്ഷാ റേറ്റിംഗുമുള്ള വാഹനമാണ് ട്രൈബർ.

7.28 ലക്ഷം മുതൽ 10.49 ലക്ഷംവരെയാണ് ട്രൈബറിന്റെ ഓൺ റോഡ‌് വില. പുതിയ അപ്‌ഡേറ്റോടെ ട്രൈബർ എത്തുമ്പോൾ 80,000 രൂപവരെ വിലയിൽ വർദ്ധനയുണ്ടാകാം എന്നാണ് പ്രതീക്ഷിക്കുന്നത്. ചില പുതിയ മാറ്റങ്ങൾ ഏറ്റവും ലേറ്റസ്റ്റ് വേരിയന്റിന് ഉണ്ടാകും. എൽഇഡി ഹെഡ്‌ലൈറ്റുകളും ഡിആർ‌എല്ലും ട്രൈബറിലുണ്ട്. ഫ്രണ്ട്, റിയർ ബമ്പറുകൾ പുതുക്കിയിട്ടുണ്ട്. പുതിയ ഗ്രില്ലുകൾ, അലോയ് വീലുകൾ ഇവയും ട്രൈബറിനുണ്ടാകും. ഡാഷ്ബോർഡിലും പുതുമയുണ്ടാകും. 1.0 ലിറ്റർ പെട്രോൾ എഞ്ചിന് 71 ബിഎച്ച്‌പിയും 96എൻഎം ടോർ‌ക്കും സൃഷ്ടിക്കാൻ കഴിയും. 999സിസിയുടെ മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ട്രൈബറിനുള്ളത്.