ഇൻഡിഗോ വിമാനത്തിന്റെ എൻജിനിൽ തീപിടിത്തം:ടേക്ക് ഓഫിന് തൊട്ടുമുൻപ് അപായ സൂചന, തിരിച്ചിറക്കി

Wednesday 23 July 2025 8:00 PM IST

ന്യൂഡൽഹി: യാത്രക്കാരെ പരിഭ്രാന്തിയിലാക്കി അഹമ്മദാബാദ് - ദിയു ഇൻഡിഗോ വിമാനത്തിന്റെ എൻജിനുകളിലൊന്നിൽ തീപിടിത്തം. ഇന്ന് രാവിലെ 11 മണിക്കാണ് അഹമ്മദാബാദിൽ നിന്നും ദിയുവിലേക്ക് പുറപ്പെടേണ്ട 6E- 799 ഇൻഡിഗോ വിമാനം ടേക്ക് ഓഫിന് തയ്യാറെടുക്കവെ അപായ സൂചന ലഭിച്ചത്. ഉടൻ തന്നെ വിമാനത്തിലുണ്ടായിരുന്ന 70 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ടേക്ക് ഓഫ് വേളയിലാണ് പൈലറ്റ് അപായ സൂചന നൽകിയത് ശ്രദ്ധയിൽപ്പെട്ടതെന്നും വിമാനം പരിശോധനകൾക്ക് വിധേയമാക്കുമെന്നും അധികൃതർ പറഞ്ഞു.

യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഇൻഡിഗോ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാർക്ക് അടുത്ത വിമാനത്തിൽ യാത്രാസൗകര്യം ഒരുക്കുകയോ, അല്ലെങ്കിൽ ടിക്കറ്ര് തുക തിരിച്ച്കൊടുക്കുകയോ ചെയ്യാമെന്ന് അവർ കൂട്ടിചേർത്തു. കഴിഞ്ഞ ദിവസവും ഇൻഡിഗോ വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയ സംഭവം രാജ്യത്തുണ്ടായി. സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് അടിയന്തര ലാന്റിംഗം നടത്തുകയായിരുന്നു. ഗോവയിൽ നിന്നും ഇൻഡോറിലേക്ക് എത്തിയ ഇൻഡിഗോ എയർലൈൻസ് വിമാനത്തിനായിരുന്നു അടിയന്തര ലാൻഡിംഗ് വേണ്ടിവന്നത്. 140 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇൻഡോറിലെ ദേവി അഹല്യഭായ് ഹോൾക്കർ വിമാനത്താവളത്തിൽ ആണ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്.