പകർച്ചപ്പനിയിൽ വിറച്ച് കോട്ടയം

Thursday 24 July 2025 12:09 AM IST

കോട്ടയം : കനത്തമഴയിൽ ജില്ല പനിച്ചൂടിൽ. ഈ മാസം ഇതുവരെ 8004 പേരാണ് ചികിത്സ തേടിയത്. 10 പേർക്ക് ഡെങ്കിപ്പനിയും, 14 പേർക്ക് എലിപ്പനിയും റിപ്പോർട്ട് ചെയ്തു. ചിലയിടങ്ങളിൽ ഇൻഫ്ലുവൻസ വിഭാഗത്തിൽപ്പെട്ട വൈറൽ പനിയും കണ്ടുവരുന്നുണ്ട്. ഗർഭിണികൾ, കിടപ്പുരോഗികൾ, മറ്റു ഗുരുതര രോഗമുള്ളവർ, കുട്ടികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശം. പകർച്ചപ്പനി ബാധിതരായ കുട്ടികളെ സ്‌കൂളിൽ വിടരുത്. വീട്ടിൽ വിശ്രമിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുകയും വേണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറക്കണം, കൈകൾ സോപ്പിട്ട് കഴുകണം, മാസ്‌ക് ഉപയോഗിക്കണം.

രോഗലക്ഷണങ്ങൾ ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയൽ

മലിനജലവുമായി സമ്പർക്കം വേണ്ട എലിപ്പനി കേസുകളും കൂടിവരുന്നതിനാൽ മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരും തൊഴിലുറപ്പ് ജോലികൾ ചെയ്യുന്നവരും പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിൻ ജോലിയ്ക്ക് ഇറങ്ങുന്നതിന്റെ തലേദിവസം ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണം. ഓടകളിലും തോടുകളിലും വയലുകളിലും ഇറങ്ങി ജോലി ചെയ്യുന്നവരും ശ്രദ്ധിക്കണം. ജലജന്യ രോഗങ്ങൾ പടരാനും സാദ്ധ്യതയുണ്ട്.

 ഏതുതരം പനിയായാലും സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രികളിൽ ചികിത്സ തേടണം. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം.

( ഡോ.എൻ പ്രിയ ജില്ലാ മെഡിക്കൽ ഓഫീസർ)