തത്തകളെ കൂട്ടിലാക്കി വിൽപ്പന: 3 സ്ത്രീകൾ പിടിയിൽ

Thursday 24 July 2025 1:32 AM IST

കട്ടപ്പന :തത്തകളെ വിൽപ്പന നടത്തിവന്ന തമിഴ്നാട് സ്വദേശികളായ സ്ത്രീകളെ വനപാലകർ പിടികൂടി. ഇവരുടെ പക്കൽനിന്ന് 133 തത്തകളെയും കണ്ടെത്തി. കോട്ടൂർ പുതുതെരുവ് സ്വദേശികളായ ജയ വീരൻ (50) ഇലവഞ്ചി അണ്ണാദുരൈ (45), കരൂർ ശാന്തിഗ്രാം സ്വദേശി ഉഷ ചന്ദ്രശേഖർ (41) എന്നിവരെയാണ് പിടികൂടിയത്.

വന്യജീവി ആക്ട്പ്രകാരം സംരക്ഷിക്കപ്പെടേണ്ട പക്ഷിയാണ് തത്ത.ഇടുക്കി ഫോറസ്റ്റ് വിജിലൻസിനാണ് ആദ്യം വിവരംലഭിച്ചത്. തുടർന്ന് ഇവർ കാഞ്ചിയാർ ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചു. തങ്കമണി പ്രകാശിലെ പൊതുനിരത്തിൽ വച്ച് തത്തകളെ ജോഡികളായിവിൽപ്പന നടത്തുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. 139 തത്തകൾ ഉണ്ടായിരുന്നു. അവിൽ ആറെണ്ണം ചത്തുപോയി . ഏതാനും തത്തകളെ വിൽപ്പന നടത്തിയിട്ടുള്ളതായും അതിനെ തുടർന്നുള്ള അന്വേഷണം നടക്കുമെന്നുമാണ് വിവരം.തമിഴ്നാട്ടിൽനിന്ന് പിടിച്ച് വിൽപ്പനയ്ക്കായി കേരളത്തിൽ എത്തിച്ച തത്തകളാണ് ഇതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. . എവിടുന്നാണ് പിടികൂടിയത് ഉൾപ്പെടെ അറിയാൻ ഇവരെ ചോദ്യം ചെയ്തു വരികയാണ്. തുടർന്ന് മൂവരെയും കോടതിയിൽ ഹാജരാക്കും. കണ്ടെത്തിയ തത്തകളെ വനത്തിൽ തുറന്നു വിടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.