നിലംപൊത്തിയ ഇൻഡോർ സ്റ്റേഡിയത്തിന്റെ അവശിഷ്ടങ്ങൾ നീക്കിയില്ല അന്ന് പണിതു, ഇന്ന് ഇരട്ടിപ്പണിയായി

Thursday 24 July 2025 12:32 AM IST

കാഞ്ഞിരപ്പള്ളി: പണിതു, പിന്നാലെ വീണു. പേട്ട ഗവ.ഹൈസ്‌കൂളിൽ പതിനൊന്ന് വർഷം മുമ്പ് നിർമ്മിച്ച ഇൻഡോർ സ്‌റ്റേഡിയത്തിന്റെ കാര്യത്തിൽ എല്ലാം പെട്ടാന്നായിരുന്നു. നിർമ്മാണം പൂർത്തിയാക്കി നാലാം മാസം തകർന്നുവീണ പവലിയൻ ഇന്ന് സ്കൂൾ അധികൃതർക്ക് ഉൾപ്പെടെ വലിയ തലവേദനയാണ്. വർഷം 11 കഴിഞ്ഞിട്ടും അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തതാണ് വിനയാകുന്നത്. ഇതുമൂലം സ്‌കൂളിനായി അനുവദിച്ച കെട്ടിടത്തിന്റെ നിർമ്മാണം പോലും വൈകുകയാണ്. ആന്റോ ആന്റണി എം.പിയടുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും അനുവദിച്ച 12 ലക്ഷം രൂപ മുടക്കിയാണ് 30 അടി ഉയരവും 28 മീറ്റർ നീളവും 16 മീറ്റർ വീതിയിലും പവലിയൻ നിർമ്മിച്ചത്.എം.പിയുടെ ഭാഗത്ത് നിന്നും നിർദ്ദേശമൊന്നുമില്ലാത്തതിനാൽ പവലിയന്റെ അവശിഷ്ടങ്ങളുടെ കാര്യം ആർക്കും ഒരുത്തരമില്ല. വോളിബോളിന്റെ ഈറ്റില്ലമായ കാഞ്ഞിരപ്പള്ളിയിൽ പുതിയ ഇൻഡോർ സ്‌റ്റേഡിയം നിർമ്മിക്കണമെന്ന ആവശ്യവും ഇതിനകം ഉയർന്നിട്ടുണ്ട്.

പണം അനുവദിച്ചു, പക്ഷേ എന്തുകാര്യം

എം.ജി യൂണിവേഴ്സിറ്റിയുടെ ബി.എഡ് സെൻറ്റർ, പേട്ട ഗവ.ഹൈസ്‌കൂൾ, ഐ.എച്ച്.ആർ.ഡി കോളേജ് എന്നിവ പ്രവർത്തിക്കുന്നത് ഇവിടെ തന്നെയാണ്. സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചിരുന്നു. എന്നാൽ കെട്ടിട നിർമ്മാണത്തിന് അവശിഷ്ടങ്ങൾ തടസമാകുന്നതിനാൽ ഈ പദ്ധതിയും വഴിമുട്ടിയ അവസ്ഥയിലാണ്.

കാട്, പിന്നെ പാമ്പും

തകർന്നു വീണ ഇൻഡോർ സ്റ്റേഡിയവും പരിസരവും കാട് മൂടിയതിനാൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്.കഴിഞ്ഞദിവസം ഇവിടെ മൂർഖൻ പാമ്പുകളെ കണ്ടിരുന്നു. വനം വകുപ്പും അഗ്നിശമന സേനയുമെത്തി തിരച്ചിൽ നടത്തിയെങ്കിലും കൽകെട്ടിലൊളിച്ച പാമ്പുകളെ പിടികൂടാനായില്ല.