പുതുക്കിയ കെട്ടിട നികുതി , സുപ്രീം കോടതിയെ സമീപിക്കാൻ കോർപറേഷൻ

Thursday 24 July 2025 12:00 AM IST

തൃശൂർ: പുതുക്കിയ കെട്ടിട നികുതി പിരിക്കാൻ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കോർപറേഷൻ. 2016 മുതലുള്ള പുതുക്കിയ കെട്ടിട നികുതി പിരിക്കാതെ ഒറ്റയടിക്ക് പിഴയും പിഴ പലിശയുമായി വൻ തുക ഈടാക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങൾ കോടതിയെ സമീപിച്ചത് കോർപറേഷന് തിരിച്ചടിയായിരുന്നു. എന്നാൽ ഇതിനെതിരെ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനാണ് നീക്കം. സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് പ്രതിപക്ഷം ആരോപിച്ചു. പ്രതിഷേധം ശക്തമാകുമെന്ന് വ്യക്തമായതോടെ ഉത്തരവാദിത്വം മുൻ യു.ഡി.എഫ് ഭരണസമിതിയുടെ മേൽ കെട്ടിവയ്ക്കുകയാണെന്ന് ആരോപണമുണ്ട്. 2016 മുതൽ മൂന്നു വർഷത്തെ നികുതി പിരിച്ചാൽ മതിയെന്ന് പിണറായി സർക്കാർ 2019ൽ ഉത്തരവിട്ടിരുന്നു. തവണകളായി അടയ്ക്കാമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് എൽ.ഡി.എഫ് ഭരണസമിതി നടപ്പാക്കിയില്ല. പിന്നീട് 2023ൽ ഓഡിറ്റ് പ്രശ്‌നം വന്നതോടെയാണ് 2016 മുതൽ പിഴയും പിഴ പലിശയുമടക്കം പിരിക്കാൻ ഭരണസമിതി തീരുമാനിച്ചത്. ഇതിനെതിരെ 198 പേർ കോർപറേഷനെതിരേ വിധി സമ്പാദിച്ചിരുന്നു. ഈ വിധിക്കെതിരേ കോർപറേഷൻ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും തള്ളിയിരുന്നു.

ഈടാക്കുന്നത് വൻ തുക

2016 മുതൽ 2023 വരെയുള്ള നികുതിയും പലിശയും പിഴപ്പലിശയും കണക്കാക്കുമ്പോൾ ലക്ഷങ്ങൾ വരെ പലർക്കും കെട്ടിട നികുതി അടയ്‌ക്കേണ്ടി വരും. ഇതിനു പുറമേ പത്ത് ശതമാനം സേവന നികുതിയും അഞ്ച് ശതമാനം ലൈബ്രറി സെസും അടയ്ക്കണം. രണ്ട് ലക്ഷത്തിലധികം പേരെയാണ് ഇത് ബാധിക്കുക.

കുറ്റം യു.ഡി.എഫ് ഭരണസമിതിക്ക്

പുതുക്കിയ നികുതി ഈടാക്കുന്നതിന് 2015ൽ അന്നത്തെ യു.ഡി.എഫ് നേതൃത്വത്തിലുള്ള കൗൺസിൽ അംഗീകാരം നൽകിയിരുന്നെന്ന് എൽ.ഡി.എഫ് ഭരണസമിതി. പക്ഷേ തുടർന്നുള്ള നടപടി ക്രമങ്ങൾ പാലിക്കാതെ വന്നതിനാലാണ് വർധിപ്പിച്ച നികുതി പിരിക്കുന്നത് കോടതി നിയമവിരുദ്ധമാണെന്ന് പറഞ്ഞതെന്നും എൽ.ഡി.എഫ് ഭരണസമിതി ആരോപിച്ചു.

വാദം തെറ്റ്: രാജൻ പല്ലൻ

പുതുക്കിയ നികുതി ഈടാക്കാനുള്ള തീരുമാനത്തിന് കൗൺസിൽ അംഗീകാരം നൽകുകയും നടപടി ക്രമങ്ങൾ അന്നത്തെ മേയറെന്ന നിലയിൽ പാലിച്ചിരുന്നുവെന്നും രാജൻ പല്ലൻ. തുടർ നടപടിക്ക് റവന്യൂ ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകിയിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് വരികയും എൽ.ഡി.എഫ് അധികാരത്തിൽ വരികയും ചെയ്തു. തുടർ നടപടികൾ എടുക്കേണ്ടിയിരുന്നത് എൽ.ഡി.എഫ് ഭരണസമിതിയായിരുന്നു.