മെമുവിന് നാല് കോച്ചുകൾ കൂട്ടും
Thursday 24 July 2025 12:00 AM IST
തൃശൂർ: എറണാകുളം മേഖലയിലെ യാത്രാദുരിതം കുറയ്ക്കുന്നതിനായി ഷൊർണൂർ-എറണാകുളം മെമുവിൽ കോച്ചുകൾ വർദ്ധിപ്പിച്ച് റെയിൽവേ. ദേശീയപാതയിലെ കുരുക്കൊഴിവാക്കാൻ യാത്രക്കാർ ട്രെയിനിൽ ആശ്രയം തേടിയതോടെ തിരക്ക് വർദ്ധിച്ചിരുന്നു. നിലവിൽ 12 കോച്ചുകളാണ് ഉള്ളത്. നാല് കോച്ചുകൾ കൂട്ടാനാണ് തീരുമാനം. ഇതോടെ 16 കോച്ചുകളുണ്ടാകും.
ഇതോടെ സ്ത്രീകൾക്കുള്ള പ്രത്യേക കോച്ചുകളുടെ എണ്ണം രണ്ടിൽ നിന്നും മൂന്നായി ഉയരും. എറണാകുളത്തുനിന്നും ഇന്നലെ മുതലും ഷൊർണൂരിൽ നിന്നും നാളെ മുതലുമാണ് കൂടുതൽ കോച്ചുകൾ ഘടിപ്പിക്കുകയെന്ന് റെയിൽവേ അറിയിച്ചു. എറണാകുളത്തുനിന്നും വൈകീട്ട് 5.40ന് പുറപ്പെടുന്ന മെമു രാത്രി 7.32ന് തൃശൂരും 8.40ന് ഷൊർണൂരും എത്തും. മടക്കയാത്രയിൽ രാവിലെ 4.30ന് ഷൊർണൂരിൽ നിന്നും പുറപ്പെട്ട് 5.18ന് തൃശൂരും 7.45ന് എറണാകുളത്തും എത്തിച്ചേരും.