കരമനയിൽ ഹോട്ടൽ ജീവനക്കാരന് നേരെ ആക്രമണം: രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: കരമനയിൽ ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.കുഞ്ചാലുമൂട് പള്ളിവിളാകം ടിസി 20/1425ൽ ബാദുഷ(52),20/19 നമ്പർ വീട്ടിൽ അൻസാരി(49) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞയാഴ്ചയാണ് ഹോട്ടൽ ഇറാനിയിലെ കാഷ്യർ കാസർകോട് സ്വദേശി ഇബ്രാഹിം ബാദുഷയെ നാലംഗ സംഘം വടിവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്.
ഹോട്ടലിലെ ജീവനക്കാരായ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ റോഡിൽ നിന്ന നാലംഗസംഘം മർദ്ദിച്ചിരുന്നു. ഇവർ ജോലി കഴിഞ്ഞ് റൂമിലേക്ക് മടങ്ങുമ്പോഴായിരുന്നു മർദ്ദനം. ഈ വിവരം ബാദുഷ കരമന പൊലീസിൽ അറിയിച്ചു.തുടർന്ന് ഇവരെ അന്വേഷിച്ച് തൊഴിലാളികളുമായി റോഡിലേക്കിറങ്ങിയപ്പോൾ വടിവാളും കത്തിയുമായി ഇയാളെ നാലംഗ സംഘം വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.
ബാദുഷയുടെയും ജീവനക്കാരുടെയും ബൈക്കുകളും അക്രമികൾ അടിച്ചുതകർത്തു. ഫോർട്ട് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ എൻ.ഷിബുവിന്റെ നേതൃത്വത്തിൽ കരമന എസ്.എച്ച്.ഒ അനൂപ്,സബ് ഇൻസ്പെക്ടർ ജയപ്രകാശ്,സി.പി.ഒ ജയചന്ദ്രൻ,ഹിരൺ,കൃഷ്ണകുമാർ,ശരത്ത് ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.