വി.എസ് ഇനിയില്ലെന്ന് ഉൾക്കൊള്ളാനാകാതെ പുന്നപ്ര

Thursday 24 July 2025 12:44 AM IST

അമ്പലപ്പുഴ: കേരളത്തിന്റെ ചരിത്രത്തിൽ പുന്നപ്ര എന്ന നാടിന് വീരപരിവേഷമാണ്. പുന്നപ്ര വയലാർ പോരാട്ടവും കേരളം കണ്ട എക്കാലത്തെയും പോരാളി വി.എസ്.അച്യുതാനന്ദനുമാണ് പുന്നപ്രയുടെ മണ്ണിന് വിപ്ളവമുഖം നൽകിയത് . പുന്നപ്ര സമരഭൂമിയിലെ രക്തസാക്ഷികൾ പിടഞ്ഞു വീണ മണ്ണ് പാർട്ടി സ്വന്തമാക്കണമെന്നത് വി.എസിന്റെ തീരുമാനമായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായം മാനിച്ച് സമരഭുമിയിലെ പത്തൊൻപതര സെന്റ് സ്ഥലവും അതിനോടു ചേർന്ന 10 സെന്റും പാർട്ടി വാങ്ങി. മുടങ്ങാതെ പുന്നപ്ര വയലാർ വാർഷിക വാരാചരണ ചടങ്ങുകൾക്കെത്തിയിരുന്ന വി.എസ് ആലപ്പുഴ ജില്ലയിൽ അവസാനമായി പങ്കെടുത്ത പൊതുപരിപാടിയും

2019ലെ പുന്നപ്ര വയലാർ വാരാചരണമായിരുന്നു.

പുഷ്പാർച്ചനയിലും വൈകിട്ടത്തെ അനുസ്മരണ പരിപാടിയിലും പങ്കെടുത്ത ശേഷമാണ് അന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയത്.പിന്നീട് അനാരോഗ്യം മുലം പുന്നപ്ര പറവൂരിലെ വീട്ടിലേക്ക് അദ്ദേഹം എത്തിയിരുന്നില്ല. മുടങ്ങാത്ത പതിവ് അതോടെ അവസാനിച്ചു. ജീവിതത്തിന്റെ സിംഹഭാഗവും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ടി വന്നപ്പോഴും നാടിനെയും നാട്ടുകാരെയും വി.എസ് ചേർത്തുപിടിച്ചിരുന്നു. അധികം ദൂരത്തല്ലാതെ വെന്തലത്തറ വീട്ടിൽ സഹോദരി ആഴിക്കുട്ടി താമസിക്കുന്നുണ്ട്. പക്ഷേ പ്രായത്തിന്റെ അവശതയും ഓർമ്മക്കുറവും വേട്ടയാടുന്ന ആഴിക്കുട്ടി പ്രിയപ്പെട്ട 'അണ്ണന്റെ' വിയോഗം തിരിച്ചറിഞ്ഞിട്ടില്ല. വി.എസിന്റെ ഫോട്ടോ കാണിച്ച് മരണവിവരം അറിയിക്കാൻ ശ്രമിച്ചെങ്കിലും ആഴിക്കുട്ടിക്ക് തിരിച്ചറിയാനായില്ലെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു. പുന്നപ്ര വയലാർ സമരത്തിനൊപ്പം പുന്നപ്രയുടെ നായകനും ഇനിമുതൽ ചരിത്രത്താളിന്റെ ഭാഗമാകുമ്പോൾ പ്രിയപ്പെട്ട വി.എസ് ഇനിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുകയാണ് പുന്നപ്ര.