കേരളം ആലപ്പുഴയിലേക്ക് എത്തിയ ദിവസം

Thursday 24 July 2025 1:50 AM IST

ആലപ്പുഴ: കേരളം ആലപ്പുഴയിലേക്കെത്തിയ രാവും പകലുമായിരുന്നു ഇന്നലത്തേത്. സംസ്ഥാനത്തിലെ എല്ലാ ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും രാജ്യത്തിന് പുറത്ത് നിന്നുപോലും വി.എസിനെ സ്നേഹിക്കുന്നവർ ഓടിയെത്തി. കാത്തിരിപ്പിന്റെ മുഴിച്ചിലോ, മഴയുടെ തണുപ്പോ ഒരു മനുഷ്യനെയും തളർത്തിയില്ല. ചൊവ്വാഴ്ച വൈകിട്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വിലാപയാത്ര ഇന്നലെ രാവിലെ 7.30നാണ് ജില്ലയിൽ പ്രവേശിച്ചത്. രാത്രി മുഴുവൻ കാത്തിരുന്ന ജനം ക്ഷീണം മറന്നാണ് വി.എസിനെ കാണാൻ ഓടിയെത്തിയത്.

വിലാപയാത്രയോട് അനുബന്ധിച്ച് കർശന ഗതാഗത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്. ഇരുഭാഗത്തുനിന്നുള്ള ദീർഘദൂര ബസുകൾ സംസ്കാരചടങ്ങുകൾ നടക്കുന്നതുവരെ ആലപ്പുഴ ബൈപ്പാസിലൂടെയാണ് കടത്തിവിട്ടത്. വിലാപയാത്ര വീട്ടിൽ നിന്നുപുറപ്പെട്ടപ്പോൾ എ.സി റോഡിലുടെയുള്ള വാഹനങ്ങൾ മങ്കൊമ്പ് പൂപ്പള്ളിയിൽ നിന്ന് അമ്പലപ്പുഴയിലെത്തി ദേശീയപാതയിലേക്ക് കയറുന്ന രീതിയിലായിരുന്നു ക്രമീകരണം. വി.എസിനോടുള്ള ആദരസൂചകമായി നഗരത്തിലെ കടകമ്പോളങ്ങൾ ഉച്ചകഴിഞ്ഞ് അടച്ചിട്ടു. സ്വകാര്യബസുകൾ സർവീസ് നിർത്തിവച്ചു.

റിക്രിയേഷൻ മൈതാനത്തെത്തിയ വാഹനങ്ങളിലെല്ലാം കടപ്പുറത്തെ മേൽപ്പാലത്തിന് താഴെയും കനാൽക്കരയിലുമാണ് പാർക്ക് ചെയ്തത്. ജനറൽ ആശുപത്രി ജംഗ്ഷനിലൂടെ ബീച്ച് റോഡിലെത്തി ആളെയിറക്കിയ ശേഷം കനാൽക്കരയിൽ പാർക്ക് ചെയ്യുന്ന തരത്തിലായിരുന്നു നിയന്ത്രണം. ചെറിയ വാഹനങ്ങൾക്ക് എസ്.ഡി കോളേജ് മൈതാനവും ചിന്മയ വിദ്യാലയ പരിസരവുമാണ് പാർക്കിംഗിനായി ഒരുക്കിയിരുന്നത്.